വല്ലാത്ത മനോവൈകല്യം, ഒറ്റപ്പാലത്ത് അജ്ഞാത സംഘം 500 വാഴത്തൈകള്‍ വെട്ടിനശിപ്പിച്ചു

Sunday 21 January 2024 10:00 PM IST
പ്രതീകാത്മക ചിത്രം

പാലക്കാട്: ഒറ്റപ്പാലത്ത് അജ്ഞാതസംഘം വാഴകൃഷി നശിപ്പിച്ചു. തിരുവാഴിയോട് മലപ്പുറം വീട്ടില്‍ പ്രമോദിന്റെ ഒന്നര ഏക്കര്‍ കൃഷിസ്ഥലത്താണ് അജ്ഞാത സംഘത്തിന്റെ ക്രൂരത അരങ്ങേറിയത്.

500 വാഴകളും 300 കവുങ്ങിന്‍ തൈകളുമാണ് വെട്ടി നശിപ്പിച്ചത്. ശനിയാഴ്ച രാത്രി സ്ഥലത്തെത്തിയ സംഘം വാഴകള്‍ വെട്ടി നശിപ്പിക്കുകയും കവുങ്ങിന്‍ തൈകള്‍ പിഴുത് കളയുകയും ചെയ്തു. രാവിലെ കൃഷിയിടത്തില്‍ എത്തിയപ്പോളാണ് തന്റെ പറമ്പില്‍ നടന്ന അതിക്രമം പ്രമോദ് അറിയുന്നത്.

തുടര്‍ന്ന് ഇക്കാര്യം ചൂണ്ടിക്കാണിച്ച് പൊലീസില്‍ പരാതി നല്‍കി. പ്രമോദിന്റെ കഴിഞ്ഞ അഞ്ച് മാസത്തെ രാപകലില്ലാതെയുള്ള അധ്വാനമാണ് ഒരു കൂട്ടം സമൂഹവിരുദ്ധര്‍ നശിപ്പിച്ചത്. അക്രമത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.