കുളക്കടയിൽ തൂക്കുപാലം ഇന്ന് തുറക്കും

Monday 22 January 2024 12:23 AM IST
നവീകരിച്ച കുളക്കട ഇളംഗമംഗലം തൂക്കുപാലം

പുത്തൂർ : നവീകരണ ജോലികൾ പൂർത്തിയായി, കുളക്കട ഇളംഗമംഗലം തൂക്കുപാലം ഇന്ന് നാടിന് സമർപ്പിക്കും. അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം പാലം തുറന്നുകൊടുക്കുന്നതിന്റെ സന്തോഷത്തിലാണ് നാട്ടുകാർ. കല്ലടയാറിന് കുറുകെ കൊല്ലം-പത്തനംതിട്ട ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുംവിധം 225 മീറ്റർ നീളമുള്ള തൂക്കുപാലം മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ശ്രമഫലമായി അനുവദിച്ച 54 ലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരിച്ചത്. കാൽനടയാത്രികർക്കാണ് പാലത്തിന്റെ ഉപയോഗം. നാലടി വീതിയുണ്ടെങ്കിലും വാഹനങ്ങൾ കടത്താനാകില്ല.

ഇനി സഞ്ചാരികളെത്തും

കല്ലടയാറിന് കുറുകെയുള്ള ഇളംഗമംഗലം തൂക്കുപാലം ഇരുകരകളിലുമുള്ള യാത്രക്കാർക്ക് മാത്രമായിരുന്നില്ല പ്രയോജനപ്പെട്ടത്. വിവാഹം, ഹ്രസ്വ ചിത്രങ്ങൾ, ഡോക്യുമെന്ററി ഷൂട്ടിംഗുകൾക്കൊക്കെ ഇവിടെ നടന്നിരുന്നു. തൂക്കുപാലം കാണാനായിത്തന്നെ ദൂരനാടുകളിൽ നിന്നും ആളുകളെത്തിയിരുന്നതാണ്. 89 ലക്ഷം രൂപ ചെലവിട്ടാണ് 2009ൽ തൂക്കുപാലത്തിന്റെ നി‌ർമ്മാണം തുടങ്ങിയതും 2013ൽ ഉദ്ഘാടനം ചെയ്തതും. അന്നുമുതൽ നാടിന് പുറത്തുള്ളവരാണ് ഇവിടേക്ക് അധികവും എത്തിയിരുന്നത്.

പ്രളയത്തിൽ തകർന്നു

2017ൽ നടപ്പാത മാറ്റിസ്ഥാപിക്കാൻ കുളക്കട ഗ്രാമപഞ്ചായത്ത് 6.76 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് 6 ലക്ഷം രൂപയും അനുവദിച്ചിരുന്നു. തുടർന്ന് വൻ പ്രളയത്തോടെ പാലം പൂർണമായും തകർന്നു. വലിയ മരങ്ങൾ വന്നിടിച്ചതാണ് കൂടുതൽ വിപത്തുണ്ടാക്കിയത്. കൈവരിയും നടപ്പാതയും തകർന്നു. അതോടെ പാലം പൂർണമായും അടച്ചു. മന്ത്രി കെ.എൻ.ബാലഗോപാൽ ഇടപെട്ടാണ് നവീകരണം സാദ്ധ്യമാക്കിയത്. പാലത്തിന്റെ തകർന്ന കോൺക്രീറ്റ് സ്ളാബുകൾക്ക് പകരം ഭാരം കുറഞ്ഞതും കൂടുതൽകാലം നിലനിൽക്കുന്നതുമായ അലൂമിനിയം പ്ളേറ്റുകളാണ് നടപ്പാതയിൽ നിരത്തിയിട്ടുള്ളത്. കൈവരികളും തൂക്കുകളുമൊക്കെ പുതിയത് സ്ഥാപിച്ചു. കൈവരികളുടെ ഉയരം കൂട്ടിയിട്ടുണ്ട്. ഇളംഗമംഗലം ഭാഗത്തെ ബലക്ഷയം സംഭവിച്ച തൂണിന്റെ തകരാറുകൾ പരിഹരിച്ചു.

നടപ്പാതയും ഒരുക്കി

കല്ലടയാറിന്റെ കടവിൽ നിന്ന് പാലംവരെ 150 മീറ്റർ നീളത്തിൽ പുതിയ പാതയൊരുക്കി. ഇരുവശവും കരിങ്കല്ലുകൾ അടുക്കികെട്ടി, ഇന്റർലോക്ക് പാകിയാണ് പാത നിർമ്മിച്ചത്.

ഉദ്ഘാടനം ഇന്ന്

നവീകരിച്ച തൂക്കുപാലത്തിന്റെ സമർപ്പണം ഇന്ന് വൈകിട്ട് 4ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും. കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി കടുക്കാല അദ്ധ്യക്ഷനാകും. ജില്ലാ-ബ്ളോക്ക്- ഗ്രാമപഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും പങ്കെടുക്കും.

Advertisement
Advertisement