കഷ്‌ടപ്പെട്ട് പഠിച്ചാണ് ഇവിടെവരെ എത്തിയത്, തെറ്റായി ഒന്നും ചെയ്‌തിട്ടില്ല; നിർണായക വിവരങ്ങളടങ്ങിയ അനീഷ്യയുടെ ഡയറിയും ശബ്‌ദ സന്ദേശവും പുറത്ത്

Tuesday 23 January 2024 12:54 PM IST

കൊല്ലം: പരവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്‌തതിന് മുമ്പുള്ളതെന്ന് കരുതുന്ന ശബ്‌ദരേഖ പുറത്ത്. മേലുദ്യോഗസ്ഥരിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും സമ്മർദം നേരിടുന്നതായാണ് ശബ്‌ദ സന്ദേശത്തിൽ പറയുന്നത്. വികാരഭരിതയായി സംസാരിക്കുന്ന അഞ്ച് ശബ്‌ദ സന്ദേശങ്ങളാണ് പുറത്തായത്. തെളിവുകളെല്ലാം എഴുതി തയ്യാറാക്കിയിട്ടുണ്ടെന്നും ഇതിൽ അനീഷ്യ പറയുന്നുണ്ട്.

ഏറെ പ്രതിസന്ധികൾ തരണം ചെയ്‌ത് കഷ്ടപ്പെട്ട് പഠിച്ചാണ് താനും ഭർത്താവും ഈ നിലയിലെത്തിയത്. തെറ്റായി ഒന്നും ചെയ്‌തിട്ടില്ല. ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണിപ്പോൾ. തെറ്റിന് കൂട്ടുനിൽക്കാത്തതിന് നിരന്തരം മാനസിക പീഡനം നേരിടുകയാണ്. എന്ത് ചെയ്യണമെന്ന് അറിയില്ല. ആത്മഹത്യയുടെ വക്കിലാണെന്നും ശബ്‌ദ സന്ദേശത്തിൽ പറയുന്നു. കോൺഫിഡൻഷ്യൽ റിപ്പോർട്ട് പരസ്യമാക്കിയെന്നും ഇതിൽ പറയുന്നുണ്ട്. അടുത്ത സുഹൃത്തുക്കൾക്ക് അയച്ചതാണ് ശബ്ദ സന്ദേശങ്ങൾ. നിർണായക വിവരങ്ങൾ അടങ്ങിയിട്ടുള്ള അനീഷ്യയുടെ ഡയറിയും പൊലീസിന് കൈമാറിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് അനീഷ്യയെ വീട്ടിലെ കുളിമുറിയിലെ ജനാലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പരവൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കൊല്ലം ജില്ലാ ബാർ കൗൺസിൽ അടിയന്തര യോഗം ചേരും. ഉച്ചയ്‌ക്ക് 2.30നാണ് യോഗം. ആത്മഹത്യക്ക് പിന്നിൽ തൊഴിൽ മേഖലയിലെ മാനസിക പീഡനമാണെന്ന ആരോപണത്തിന് പിന്നാലെയാണ് യോഗം ചേരുന്നത്.