സിറിയയോടും തോറ്റു, എഎഫ്സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്ത്

Tuesday 23 January 2024 7:38 PM IST

ദോഹ: എഎഫ്സി ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ ഇന്ത്യക്ക് തലതാഴ്ത്തി മടക്കം. ഗ്രൂപ്പ് ഘട്ടത്തിലെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഇന്ത്യ തോറ്റു. എതിരില്ലാത്ത ഒരു ഗോളിന് സിറിയയോടാണ് അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ തോറ്റത്. അടുത്ത റൗണ്ടിലേക്ക് മുന്നേറാന്‍ ജയത്തില്‍ കുറഞ്ഞതൊന്നും പോരെന്ന തിരിച്ചറിവോടെ കളിക്കാനിറങ്ങിയിട്ടും കളത്തില്‍ ഇന്ത്യക്ക് ശോഭിക്കാന്‍ കഴിഞ്ഞില്ല.

ആദ്യ പാതിയില്‍ ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ ശേഷം മത്സരത്തിന്റെ 76ാം മിനിറ്റിലാണ് ഇന്ത്യ ഗോള്‍ വഴങ്ങിയത്. 76ാം മിനിറ്റില്‍ ഒമര്‍ ഖ്രിബിനാണ് സിറിയക്ക് വേണ്ടി വല കുലുക്കിയത്. ഇന്ത്യക്ക് വേണ്ടി പ്രതിരോധനിര താരങ്ങളായ സന്ദേശ് ജിങ്കാന്‍, സുഭാശിഷ് ബോസ് എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഗോളെന്നുറച്ച ഒരു സുവര്‍ണാവസരം ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി പാഴാക്കുകയും ചെയ്തു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മറ്റൊരു അവസരം കൂടി ലഭിച്ചെങ്കിലും ഇന്ത്യന്‍ നായകന് ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല.

ഗ്രൂപ്പ് ബിയില്‍ നേരത്തെ ഓസ്ട്രേലിയയോട് 2-0, ഉസ്ബക്കിസ്ഥാനോട് 3-0 എന്നീ സ്‌കോറുകള്‍ക്കും ഇന്ത്യ തോറ്റിരുന്നു. മൂന്ന് മത്സരങ്ങളിലായി ആറ് ഗോളുകള്‍ വഴങ്ങിയ ഇന്ത്യക്ക് ഒരെണ്ണം പോലും എതിരാളികളുടെ വലയില്‍ തിരിച്ചടിക്കാന്‍ കഴിഞ്ഞില്ല.