സ്റ്റേഷനിൽ നിന്ന് ജെ.സി.ബി കടത്തിയ സംഭവം സസ്‌പെൻഷനിലായ എസ്.ഐ അറസ്റ്റിൽ

Wednesday 24 January 2024 4:56 AM IST

മുക്കം (കോഴിക്കോട്): മുക്കം പൊലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതലായ ജെ.സി.ബി കടത്തിയ സംഭവത്തിൽ സസ്പെൻഷനിലായ എസ്.ഐ ടി.ടി.നൗഷാദിനെ കേസന്വേഷിക്കുന്ന ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പി പി.പ്രമോദ് അറസ്റ്റ് ചെയ്തു. തെളിവുകളുടെ അടിസ്ഥാനത്തിൽ നൗഷാദ് കുറ്റക്കാരനാണെന്ന് കാണിച്ച് അന്വേഷണ സംഘം ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് അറസ്റ്റ്.

സ്റ്റേഷനിൽ നിന്ന് ജെ.സി.ബി കടത്തിയ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെയും കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതികളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. കേസിലെ പ്രധാന പ്രതി ബഷീറിന് നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. മറ്റു പ്രതികളായ ആറു പേർ മുക്കം പൊലീസിൽ കീഴടങ്ങിയപ്പോൾ ബഷീർ ഒളിവിലായിരുന്നു.

സെപ്തംബർ 19ന് കൊടിയത്തൂർ പുതിയനിടത്ത് ഒരാളുടെ മരണത്തിനിടയാക്കിയ ജെ.സി.ബിയാണ് സ്റ്റേഷനിൽ നിന്ന് ഉടമയുടെ മകനും സംഘവും ചേർന്ന് എസ്.ഐയുടെ അറിവോടെ കടത്തിക്കൊണ്ടുപോയത്. അപകടം നടക്കുമ്പോൾ ജെ.സി.ബിയ്ക്ക് ഇൻഷ്വറൻസ് ഉണ്ടായിരുന്നില്ല. ജെ.സി.ബി ഉടമയുടെ മകൻ കൂമ്പാറ മാതാളിക്കുന്നേൽ മാർട്ടിൻ (32), കെ.ആർ.ജയേഷ് കീഴ്പ്പള്ളി (32), പൊന്നാങ്കയം സ്വദേശി ദിലീപ് കുമാർ (49), തമിഴ്നാട് സ്വദേശി വേളാങ്കണ്ണി രാജ (55), കല്ലുരുട്ടി സ്വദേശി തറമുട്ടത്ത് രജീഷ് മാത്യു (39), മോഹൻരാജ് (40) എന്നിവരാണ് അറസ്റ്റിലായ പ്രതികൾ.

Advertisement
Advertisement