സ്വാത്വിക്-ചിരാഗ് സഖ്യം വീണ്ടും ഒന്നാം റാങ്കിൽ

Tuesday 23 January 2024 11:08 PM IST

ന്യൂഡൽഹി : ബാഡ്മിന്റൺ വേൾഡ് ഫെഡറേഷന്റെ പുരുഷ ഡബിൾസിലെ ഒന്നാം റാങ്ക് വീണ്ടെടുത്ത് ഇന്ത്യയുടെ സ്വാത്വിക് സായ്‌രാജ് റാൻകിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇവർ ആദ്യമായി ഒന്നാം റാങ്കിലെത്തിയിരുന്നു. മൂന്നാഴ്ച മാത്രമാണ് ഇവർക്ക് ‌ ഈ സ്ഥാനത്ത് തുടരാനായത്. പിന്നീട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും പുതുവർഷത്തിൽ മലേഷ്യൻ ഓപ്പണിലും ഇന്ത്യ ഓപ്പണിലും റണ്ണേഴ്സ് അപ്പാകാൻ കഴിഞ്ഞതോടെയാണ് ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്.

ഇന്നലെ പുറത്തുവിട്ട പുതിയ റാങ്കിംഗിൽ ചൈനയുടെ ലിയാംഗ് വെയ്കെംഗ് - വാംഗ് ചാംഗ് സഖ്യത്തെ മറികടന്നാണ് ഇന്ത്യൻ സഖ്യം ഒന്നാം റാങ്കിൽ തിരിച്ചെത്തിയത്. ബി.ഡബ്ളിയു.എഫ് പുരുഷ ഡബിൾസ് റാങ്കിംഗിൽ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യൻ സഖ്യമാണ് സ്വാത്വിക്കും ചിരാഗും. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ പുരുഷ ഡബിൾസ് ടീമും ഇവർതന്നെ. കഴിഞ്ഞ വർഷത്തെ ഖേൽരത്ന പുരസ്കാരത്തിനും ഇവരാണ് അർഹരായിരുന്നത്.

Advertisement
Advertisement