തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്തും: ആർ. ബിന്ദു

Wednesday 24 January 2024 12:00 AM IST

കൊല്ലം: തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്തുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ വിപുല പരിപാടികൾ നടന്നുവരികയാണെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഒന്നാംഘട്ട സമർപ്പണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

തൊഴിലും പഠനവും തമ്മിലുള്ള വിടവ് നികത്തുന്നതിനാണ് ഓപ്പൺ യൂണിവേഴ്സിറ്റി നാനോ എന്റർപ്രണർഷിപ്പ് കോഴ്‌സ് ആരംഭിച്ചത്. ഉത്തരവാദിത്വ ബോധമുള്ള തലമുറകളെ വാർത്തെടുക്കുന്നതിലാണ് യൂണിവേഴ്സിറ്റി പ്രഥമ പരിഗണന നൽകുന്നത്. വൈജ്ഞാനിക മൂലധനം സൃഷ്ടിച്ച് തൊഴിൽ അന്വേഷകരിൽ നിന്ന് തൊഴിൽ ദാതാക്കളെന്ന നിലയിലേക്ക് വിദ്യാർത്ഥികളെ ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ഓപ്പൺ യൂണിവേഴ്സിറ്റിയുടെ നാലുവർഷ ബിരുദ കോഴ്‌സിന്റെ സിലബസ്, സ്വയംപഠന സാമഗ്രികൾ, വീഡിയോ ക്ലാസുകൾ, പരീക്ഷ നടത്തിപ്പ് മാനുവൽ എന്നിവയുടെ പ്രകാശനം മന്ത്രി നിർവഹിച്ചു. ഓപ്പൺ യൂണി. വൈസ് ചാൻസലർ പി.എം.മുബാറക് പാഷ അദ്ധ്യക്ഷനായി. പ്രോ വൈസ് ചാൻസലർ എസ്.വി.സുധീർ, രജിസ്ട്രാർ ഡിംപി.വി.ദിവാകരൻ, കവി കുരീപ്പുഴ ശ്രീകുമാർ, യൂണി. സിൻഡിക്കേറ്ര് അംഗങ്ങളായ അഡ്വ. ബിജു.കെ.മാത്യു, ഡോ.എം.ജയപ്രകാശ്, എ.നിസാമുദ്ദീൻ, കെ.അനുശ്രീ, പരീക്ഷാ കൺട്രോളർ ഡോ. ജെ.ഗ്രേഷ്യസ്, സൈബർ കൺട്രോളർ ഡോ. എം.ജയമോഹൻ, എസ്.എൽ.എം കോ- ഓർഡിനേറ്റർ ഡോ. ഐ.ജി. ഷിബി തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement