ഭക്ഷണം വൃത്തിഹീനം, വനിത ഐ.ടി.ഐയിൽ പ്രതിഷേധം

Wednesday 24 January 2024 12:54 AM IST

കൊല്ലം: മുളങ്കാടകം വനിത ഐ.ടി.ഐയിലെ ഉച്ചഭക്ഷണം വൃത്തിഹീനമാണെന്ന ആക്ഷേപവുമായി വിദ്യാർത്ഥികൾ. മോശമായ പച്ചക്കറികൾ ഉപയോഗിക്കുന്നുവെന്നാണ് പ്രധാന പരാതി.

കഴിഞ്ഞ 17ന് വിളമ്പിയ അവിയൽ മോശമായിരുന്നുവെന്ന പരാതിയെ തുടർന്ന് ഫുഡ് കമ്മിറ്റിയും ഇന്റേണൽ മാനേജ്‌‌മെന്റ് കമ്മിറ്റിയും പി.ടി.എയും യോഗം ചേർന്ന് ഭക്ഷണ വിതരണം കരാർ എടുത്തിരിക്കുന്ന കുടുംബശ്രീ യൂണിറ്റിനെ താക്കീത് ചെയ്‌‌തിരുന്നു. ഇന്നലെ വിളമ്പിയ തോരനിലും സമാന പ്രശ്‌ന‌മുണ്ടായതോടെ വിദ്യാർത്ഥികൾ പരസ്യ പ്രതിഷേധവുമായി രംഗത്ത് വന്നു. തുടർന്ന് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥരെത്തി ആഹാരത്തിന്റെ സാമ്പിൾ ശേഖരിച്ചു പരിശോധനയ്‌ക്ക് അയച്ചു. ആകെയുള്ള എഴുന്നൂറോളം പെൺകുട്ടികളിൽ ഭൂരിഭാഗം പേരും ഇവിടെ നിന്നാണ് ഭക്ഷണം കഴിക്കുന്നത്. സംഭവം വിവാദമായതോടെ ഇപ്പോഴത്തെ കാറ്ററിംഗ് കമ്പനിയെ ഭക്ഷണ വിതരണത്തിൽ നിന്ന് ഒഴിവാക്കാൻ ഇൻസ്‌‌പെക്‌ടർ ഒഫ് ട്രെയിനിംഗിന്റെ തിരുവനന്തപുരം റീജിയണൽ ഓഫീസ് തീരുമാനിച്ചതായി വൈസ് പ്രിൻസിപ്പൽ അറിയിച്ചു.

വിശദ അന്വേഷണം ആവശ്യപ്പെട്ട് യൂണിയൻ ചെയർപെഴ്സൺ എസ്. ഷിബിന പ്രിൻസിപ്പലിന് പരാതി നൽകി.

Advertisement
Advertisement