വിദ്യാർത്ഥി സംഘർഷം; മഹാരാജാസ് കോളേജിൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് എസ്‌എഫ്‌ഐ

Wednesday 24 January 2024 2:17 PM IST

കൊച്ചി: വിദ്യാർത്ഥി സംഘർഷങ്ങളെത്തുടർന്ന് എറണാകുളം മഹാരാജാസ് കോളേജിൽ അനിശ്ചിതകാലസമരം പ്രഖ്യാപിച്ച് എസ് എഫ് ഐ. സംഘർഷത്തെ തുടർന്ന് അടച്ച കോളേജ് കനത്ത സുരക്ഷയോടെയാണ് ഇന്ന് തുറന്നത്. വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലായിരുന്നു തീരുമാനം.

വൈകിട്ട് ആറിന് ശേഷം ഇനി കോളേജ് വളപ്പിൽ വിദ്യാർത്ഥികളെ അനുവദിക്കില്ലെന്ന് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ഷജില ബീവി പറഞ്ഞു. ഏതാനും ദിവസം കൂടി കോളേജിൽ പൊലീസ് സാന്നിദ്ധ്യമുണ്ടാകും. അഞ്ച് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കണമെന്ന മുൻ പ്രിൻസിപ്പലിന്റെ കത്തിൽ സർക്കാരിന്റെ തീരുമാനം കാക്കുകയാണെന്നും പ്രിൻസിപ്പൽ പറഞ്ഞു.

എസ് എഫ് ഐ, കെ എസ്‌ യു, ഫ്രറ്റേണിറ്റി പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് 18നാണ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചത്. സംഘർഷത്തിൽ എസ് എഫ് ഐ യൂണി​റ്റ് സെക്രട്ടറി​ അബ്ദുൾ നാസറി​ന് കുത്തേറ്റിരുന്നു. സംഭവത്തിൽ മുപ്പതിലേറെ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മഹാരാജാസ് കോളേജ് പ്രി​ൻസിപ്പൽ ഡോ. വി എസ് ജോയിയെ സ്ഥലം മാറ്റിയിരുന്നു. പട്ടാമ്പി ശ്രീനീലകണ്ഠ സർക്കാർ സംസ്‌കൃത കോളേജിലേക്കാണ് സ്ഥലം മാറ്റിയത്. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. മഹാരാജാസ് കോളേജിലെ മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട കേസിൽ വി എസ് ജോയ് രണ്ടാം പ്രതിയാണ്.

Advertisement
Advertisement