ജീവൻ നിലച്ച് ജലജീവൻ 42,000 കോടിയുടെ പദ്ധതിയിൽ ചെലവിട്ടത് 4000 കോടി മാത്രം
തിരുവനന്തപുരം: ഗ്രാമീണ വീടുകളിൽ ശുദ്ധജലം ഉറപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതി അവസാനിക്കാൻ രണ്ടുമാസം മാത്രം ശേഷിക്കെ ഇതുവരെ സംസ്ഥാനം ചെലവിട്ടത് പദ്ധതിത്തുകയുടെ 10 ശതമാനം മാത്രം. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന 42,000 കോടിയുടെ പദ്ധതിയിൽ കേരളം 4000 കോടിയും കേന്ദ്രം 4600 കോടിയുമാണ് ചെലവിട്ടത്. സംസ്ഥാനം പണം അനുവദിക്കുമ്പോൾ ആനുപാതികമായ തുക കേന്ദ്രവും അനുവദിക്കും. 10 ശതമാനം ഗുണഭോക്തൃ വിഹിതം കിഴിച്ച് 19,000 കോടി വീതമാണ് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ചെലവിടേണ്ടത്. 2019ൽ തുടങ്ങിയ പദ്ധതി ഈ വർഷം മാർച്ചിലാണ് പൂർത്തിയാക്കേണ്ടത്. എന്നാൽ, ഒരു വർഷം വൈകിത്തുടങ്ങിയതിനാൽ 2025ൽ പൂർത്തിയാക്കിയാൽ മതിയെന്ന് ജല അതോറിട്ടി പറയുന്നു. ഇതിനുള്ളിൽ സംസ്ഥാനം 14,800 കോടിയും കേന്ദ്രം 14,400 കോടിയും ചെലവിടണം.
സ്ഥലലഭ്യത വെല്ലുവിളി
ജലസംഭരണികളും ശുദ്ധീകരണ ശാലകളും സ്ഥാപിക്കുന്നതിനുള്ള ഭൂമി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ജല അതോറിട്ടിക്ക് ഏറ്റെടുത്തു നൽകേണ്ടത്. 138 സ്ഥലങ്ങളിലായി 51.84 ഏക്കർ ഭൂമിയാണ് ഇനി ഏറ്റെടുക്കാനുള്ളത്. ഏറ്റെടുത്ത സ്ഥലങ്ങളിൽ ട്രീറ്റ്മെന്റ് പ്ളാന്റുകൾ, പൈപ്പ് ലൈനുകൾ തുടങ്ങിയവയുടെ പണികൾ പാതിവഴിയിലാണ്. സ്വകാര്യ ഭൂമി ലഭിക്കാത്തതിനാൽ 33 ഇടങ്ങളിലെ പദ്ധതികൾ പൂർണമായി മുടങ്ങി.
3000 കോടി കുടിശ്ശിക ജലജീവൻ മിഷൻ പദ്ധതി ഏറ്റെടുത്ത 1500 കരാറുകാർക്ക് ഒന്നര വർഷത്തെ തുകയായ 3000 കോടി കുടിശ്ശികയാണ്. കുടിശ്ശിക വിതരണം ചെയ്തില്ലെങ്കിൽ ഫെബ്രുവരി മുതൽ ടെൻഡറുകൾ ബഹിഷ്‌കരിക്കാനും പണികൾ നിറുത്തിവയ്ക്കാനും തീരുമാനിച്ചതായി വാട്ടർ അതോറിട്ടി കോൺട്രാക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി പറഞ്ഞു.
69,92,537 ആകെ ഗ്രാമീണ വീടുകൾ
36,56,942 നിലവിലെ കണക്ഷൻ
33,35,595 ഇനി നൽകേണ്ടത്
പദ്ധതിവിഹിതം (ശതമാനത്തിൽ)
കേന്ദ്രം - 45
സംസ്ഥാനം- 30
പഞ്ചായത്ത്- 15
ഗുണഭോക്താവ്- 10