മുഴുവൻ പ്രസംഗവും സഭാ രേഖയിൽ

Friday 26 January 2024 1:31 AM IST

തിരുവനന്തപുരം: ഗവർണർ പൂർണമായി വായിച്ചില്ലെങ്കിലും മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം അതേപടി നിയമസഭാ രേഖകളിലുണ്ടാവും. തുടക്കവും ഒടുക്കവും വായിച്ചാൽ നയപ്രഖ്യാപനം സഭയിൽ അവതരിപ്പിച്ചതായി കണക്കാക്കും..

മന്ത്രിസഭ തയാറാക്കി നൽകുന്ന പ്രസംഗം നിയമസഭയിൽ അവതരിപ്പിക്കുകയാണ് ഗവർണർ ചെയ്യുന്നത്. സർക്കാർ നടപ്പിലാക്കുന്നതും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതുമായ പദ്ധതികളാകും നയപ്രഖ്യാപന പ്രസംഗത്തിൽ ഉണ്ടാവുക. നയപ്രഖ്യാപനത്തിന്റെ തലേന്നു രാത്രി സർക്കാർ പ്രസിൽ അച്ചടിക്കുന്ന പ്രസംഗം രാവിലെ നിയമസഭയിലെത്തിക്കും. ഗവർണർക്കുള്ള പകർപ്പ് ഒഴികെ മറ്റെല്ലാം പ്രസംഗം ആരംഭിച്ചു കഴിഞ്ഞേ പൊട്ടിക്കാറുള്ളൂ. വിയോജിപ്പുള്ള ഭാഗങ്ങൾ ഗവർണർക്ക് വായിക്കാതെ വിടാം. ഭേദഗതിക്ക് നിർദ്ദേശിക്കാനും ഗവർണർക്ക് കഴിയും. എന്നാൽ ഇതിൽ സർക്കാരാണ് തീരുമാനമെടുക്കേണ്ടത്.

നയപ്രഖ്യാപനത്തിലെ ഭാഗങ്ങൾ വായിക്കാതെ വിടാമെങ്കിലും തിരുത്താൻ ഗവർണർക്ക് അധികാരമില്ല. നയപ്രഖ്യാപനം നടത്തുന്നത് ഗവർണർ ആണെങ്കിലും അതിൽ പറയുന്ന കാര്യങ്ങളുടെ ഉത്തരവാദിത്തം സർക്കാരിനാണ്.

ബംഗാളിലെ നയപ്രഖ്യാപനം

കേരള നിയമസഭയിൽ

1969ൽ പശ്ചിമ ബംഗാൾ നിയമസഭയിൽ ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങൾ പ്രസംഗിക്കാത്തതിന് കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു. തിരഞ്ഞെടുപ്പിനെ തുടർന്ന് അധികാരത്തിലേറിയ ഇടതു സർക്കാർ മുൻ സർക്കാരിനെ വിമർശിക്കുന്ന ഭാഗം ഗവർണർ ധർമവീര വിട്ടു കളഞ്ഞു. ഇതിനെതിരേ, മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്. കേരള നിയമസഭയിൽ പ്രമേയം കൊണ്ടുവന്നു. ഒരു നിയമസഭയിലെ നടപടികൾ മറ്റൊരു നിയമസഭയിൽ ചർച്ച ചെയ്യരുതെന്നാണ് ചട്ടമെങ്കിലും കേരള നിയമസഭ പ്രമേയം പാസാക്കി.

Advertisement
Advertisement