ആനയോട്ടത്തിൽ ഒമ്പത് തവണ ജേതാവായ ഗുരുവായൂർ കണ്ണൻ ചരിഞ്ഞു

Saturday 27 January 2024 10:22 PM IST

ഗുരുവായൂർ : ഉത്സവത്തോട് അനുബന്ധിച്ചുള്ള ആനയോട്ടത്തിൽ ഒമ്പത് തവണ ജേതാവായ ഗുരുവായൂർ ദേവസ്വം ആന തറവാട്ടിലെ കണ്ണൻ ചരിഞ്ഞു. ഇന്ന് വൈകീട്ട് അഞ്ചരയോടെയായിരുന്നു അന്ത്യം. ദേവസ്വം രേഖകൾ അനുസരിച്ച് 62 വയസാണ് പ്രായം. പ്രായാധിക്യത്തെ തുടർന്ന് അവശനായിരുന്ന കൊമ്പന് ഇന്ന് വൈകിട്ട് മൂന്നിന് പാപ്പാന്മാർ വെള്ളം കൊടുത്തിരുന്നു.

വൈകീട്ട് അഞ്ചരയോടെ കെട്ടുതറിയിൽ ഇരുന്ന കൊമ്പൻ പിന്നീട് ചരിഞ്ഞു. 1985 ആഗസ്റ്റിൽ തൃശൂർ സ്വദേശി ബൽറാം ക്ഷേത്രത്തിൽ നടയിരുത്തിയതാണ് കണ്ണനെ. വനം വകുപ്പ് സംസ്കാരത്തിനായി നാളെ കോടനാട്ടേക്ക് കൊണ്ടുപോകും. കണ്ണൻ ചരിഞ്ഞതോടെ ഗുരുവായൂരിൽ ആനകളുടെ എണ്ണം 39 ആയി.