റിപ്പബ്ലിക് ദിന പരേഡിന് സ്വകാര്യ വാഹനം, വിവാദം ചിലരുടെ താത്പര്യമെന്ന് മന്ത്രി
കോഴിക്കോട്: റിപ്പബ്‌ളിക് ദിന പരേഡിൽ അഭിവാദ്യം സ്വീകരിക്കാൻ കരാറുകാരന്റെ വാഹനം ഏർപ്പെടുത്തിയ നടപടി വിവാദമായതോടെ വിശദീകരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. പരേഡിൽ വാഹനം തയ്യാറാക്കേണ്ടത് അതത് ജില്ലകളിലെ സിറ്റി പൊലീസ് കമ്മിഷണർ, കളക്ടർ തുടങ്ങിയവരുടെ ഉത്തരവാദിത്വമാണെന്ന് മന്ത്രി വ്യക്തമാക്കി. ഉപയോഗിക്കുന്ന വാഹനത്തിന്റെ കാര്യത്തിൽ മന്ത്രിയുടെ റോൾ എന്തെന്ന് ചോദിച്ച റിയാസ് തന്റെ ചോര കുടിക്കാനുള്ള ചിലരുടെ ആഗ്രഹമാണ് വിവാദത്തിന് പിന്നിലെന്ന് ആരോപിച്ചു. റിപ്പബ്ലിക് ദിന പരേഡുപോലുള്ള പരിപാടിക്ക് എത്തുമ്പോൾ വാഹനം അധോലോക രാജാവിന്റേതാണോ പിടികിട്ടാപ്പുള്ളിയുടേതാണോ എന്നൊന്നും നോക്കേണ്ട ഉത്തരവാദിത്വം മന്ത്രിയുടേതല്ലെന്ന് റിയാസ് പറഞ്ഞു. നടപടികളെല്ലാം പാലിച്ചിരുന്നുവെന്നാണ് കോഴിക്കോട് ജില്ല കളക്ടർ തന്നെ അറിയിച്ചതെന്നും വ്യക്തമാക്കി. വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ പൊലീസിന്റെ തുറന്ന ജീപ്പിൽ അഭിവാദ്യം സ്വീകരിക്കേണ്ട മന്ത്രി മാവൂരിലെ കൈരളി കൺസ്ട്രക്ഷൻസിന്റെ ജീപ്പ് ഉപയോഗിച്ചതാണ് വിവാദമായത്. പരേഡിനായി വാഹനം ഏർപ്പെടുത്തുന്നതിൽ മന്ത്രിക്ക് പ്രത്യേക ചുമതലയൊന്നും ഇല്ലെങ്കിലും പൊതുമരാമത്ത് മന്ത്രിക്കായി കരാർ കമ്പനിയുടെ പേരെഴുതിയ ജീപ്പ് എത്തിച്ചതാണ് വിവാദമായത്. പൊലീസിന്റെ പക്കൽ ഓപ്പൺ ജീപ്പ് ലഭ്യമല്ലാത്തതിനാൽ മാവൂർ സ്വദേശി വിപിൻദാസിന്റെ ജീപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജനുവരി 19നായിരുന്നു കമ്മിഷണർ കളക്ടർക്ക് കത്ത് നൽകിയത്. അന്നുതന്നെ കളക്ടർ അനുമതി നൽകി ഉത്തരവിറക്കുകയും ചെയ്തു. ഫണ്ടില്ലാത്തതിനാൽ വാഹന വാടകയും മറ്റു ചെലവും പൊലീസ് വഹിക്കണമെന്ന് കളക്ടറുടെ അനുമതിയിലുണ്ട്. എന്നാൽ, കരാറുകാരനായ വിപിൻദാസിന്റെ ജീപ്പ് തിരഞ്ഞെടുത്തതിന്റെ മാനദണ്ഡം എന്തെന്ന് ഉത്തരവിൽ വ്യക്തമല്ല. ഒരു ജില്ലയിൽ പൊലീസിന്റെ പക്കൽ തുറന്ന ജീപ്പ് ഇല്ലെങ്കിൽ മറ്റു ജില്ലകളിൽ നിന്ന് എത്തിക്കുന്നതാണ് രീതിയെന്ന് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.