വോട്ടിന് കൂട്ടില്ലാതെ ന്യൂജൻ, 18 തികഞ്ഞവർ 10 ലക്ഷം ഇതിൽ 70% പേർക്കും വോട്ടില്ല
നേതാക്കളിൽ വിശ്വാസം കുറയുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു വർഷമായി 18 വയസ് തികഞ്ഞ 70 ശതമാനം പേരും വോട്ടർ പട്ടികയിൽ ഇല്ല.വിദ്യാഭ്യാസ രേഖകൾ പ്രകാരം 10 ലക്ഷത്തിലേറെപ്പേർക്ക് ഈ കാലയളവിൽ
18 വയസ് തികഞ്ഞിട്ടുണ്ട്.
പക്ഷേ, വോട്ടർ പട്ടികയിൽ 2,88,533 പേർ മാത്രം. മിക്കവരും അപേക്ഷിച്ചില്ലെന്നതാണ് വാസ്തവം. മുൻകാലങ്ങളിൽ യുവജനങ്ങൾ പേരുചേർക്കാൻ അതീവ താത്പര്യം കാട്ടിയിരുന്നു.
രാഷ്ട്രീയത്തിലെ മൂല്യച്യുതിയാണ് അവരെ പിൻതിരിപ്പിക്കുന്നതെന്ന് വിമർശനമുണ്ട്. നേതാക്കളെ മഹത്വവൽക്കരിക്കുന്നതും അവർ ഇഷ്ടപ്പെടുന്നില്ല.
രാഷ്ട്രീയ പാർട്ടി നേതാക്കളും തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും അതത് പ്രദേശത്തെ കന്നിവോട്ടർമാരുടെ പേരുകൾ ചേർത്തിരുന്ന കാലം മാറി. ഇപ്പോൾ ഓൺലൈൻ വഴിയാണ് പേര് ചേർക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മിഷൻ ഐ.ഡി കാർഡ് നൽകുന്നതിനായി പ്രാദേശിക ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നപ്പോഴും കന്നിവോട്ടർമാർ അവേശത്തോടെ എത്തിയിരുന്നു. ഔദ്യോഗിക ഐ.ഡി കാർഡ് കൂടിയായതിനാൽ എല്ലാവരും തിരഞ്ഞെടുപ്പ് കാർഡ് നേടാൻ ഉത്സാഹം കാട്ടിയിരുന്നു. പിന്നീട് തിരിച്ചറിയൽ രേഖയായി ആധാർ കാർഡ് എത്തിയതോടെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ കാർഡിനോടുള്ള താത്പര്യം കുറഞ്ഞു.
അപേക്ഷിച്ചിട്ടും എന്തെങ്കിലും കാരണവശാൽ പേര് വന്നില്ലെങ്കിൽ വീണ്ടും അപേക്ഷിക്കാൻ താത്പര്യം കാട്ടുന്നുമില്ല.
എസ്.എസ്.എൽ.സി
എഴുതിയവർ
2019:
4,34,729
2020:
4,22,092
കേന്ദ്രസിലബസ്:
1.5 ലക്ഷം പേർ
മൊത്തം:
1006821
രാഷ്ട്രീയ കെട്ടുകാഴ്ചകൾ തിരിച്ചടി
1. രാഷ്ട്രീയത്തിലെ മൂല്യച്യുതിയും കെട്ടുകാഴ്ചകളും സോഷ്യൽ മീഡിയയിലെ തുറന്നടിച്ചുള്ള വിമർശനങ്ങളും യുവജനങ്ങളുടെ താത്പര്യ കുറയ്ക്കുന്നു.
2. ഉപരിപഠനത്തിനും ഉപജീവനത്തിനുമായി വിദേശത്തേക്കും സംസ്ഥാനത്തിനുപുറത്തേക്കും പോകുന്നവരുടെ എണ്ണം കൂടി.
3. ഫ്ലാറ്റുകളിലേക്ക് കുടുംബങ്ങൾ ചേക്കേറിയതോടെ പൊതുപ്രവർത്തകർക്ക് അവരെ കണ്ടുമുട്ടാനും ഇടപഴകാനും അവസരം കുറഞ്ഞു.
ഇനിയും പേരു ചേർക്കാം
ഈ വർഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ കഴിയുംവിധം പേരു ചേർക്കാൻ ഇനിയും അവസരമുണ്ട്. തിരഞ്ഞെടുപ്പിന് മുൻപ് വരെ അപേക്ഷ നൽകാം. സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റിൽ (www.ceo.kerala.gov.in) സൗകര്യമുണ്ട്. പ്രായം തെളിയിക്കുന്ന രേഖകൾ ഉൾപ്പെടെ അപ്‌ലോഡ് ചെയ്യണം. അക്ഷയ കേന്ദ്രങ്ങൾ വഴിയും ചെയ്യാം. അന്തിമവോട്ടർ പട്ടിക താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ലഭിക്കും. പുതിയ വോട്ടർമാർക്ക് സുരക്ഷാ ഘടകങ്ങളുള്ള ചിപ് ഘടിപ്പിച്ച കാർഡുകളാണ് നൽകുന്നത്.
കന്നിവോട്ടർമാരിൽ
സ്ത്രീകൾ കുറവ്
18-19 വയസുള്ള
പുരുഷ വോട്ടർമാർ:
1,47,970
സ്ത്രീ വോട്ടർമാർ:
1,40,542
ട്രാൻസ് ജെൻഡർ:
21
.......................................
മാെത്തം വോട്ടർപട്ടികയിൽ
പുരുഷന്മാർ:
1,31,02,288
സ്ത്രീകൾ:
1,39,96,729
ട്രാൻസ് ജെൻഡർ:
309