ഫാന്റവും ടാർസനുമായി 60ലും കൂട്ടുകൂടി വിനീത്

Tuesday 30 January 2024 12:00 AM IST

വിനീത് എബ്രഹാം കോമിക്‌സ് ലൈബ്രറിയിൽ

കൊച്ചി: പ്രായം 60 കഴിഞ്ഞിട്ടും കുട്ടികളെപ്പോലെ ചി​ത്രകഥ വായിച്ചു രസിക്കുകയാണോയെന്ന് പരിഹസിക്കുന്നവരോട് വിനീത് എബ്രഹാം പറയുന്നു: ''നിങ്ങൾക്ക് കോമിക്കി​നെക്കുറിച്ച് ഒരു ചുക്കും അറിയില്ല! "

അക്ഷരങ്ങൾ കൂട്ടിവായിക്കാൻ തുടങ്ങിയപ്പോൾ മാതാപിതാക്കളാണ് ആദ്യമായി കോമിക്ക് വാങ്ങി നൽകിയത്. ഫാന്റം കഥകൾകൊണ്ട് ഹിറ്റായ ഇന്ദ്രജാൽ കോമിക്സ് ഏഴ് വയസുകാരന്റെ ഹൃദയം കീഴടക്കി. അന്ന് മുതൽ അടുത്തിടെ പുറത്തിറങ്ങിയ മലയാളം ചിത്രകഥാ സമാഹാരം വരെ കേന്ദ്രസർവീസിൽ നിന്ന് വിരമിച്ച വിനീത് എബ്രഹാമിന്റെ വീട്ടി​ലെ ലൈബ്രറിയിലുണ്ട്.

കേന്ദ്രമന്ത്രാലയത്തിലെ ഔദ്യോഗി​ക യാത്രയ്ക്കിടെയാണ് വിദേശരാജ്യങ്ങളിലെ ചിത്രകഥകൾ സ്വന്തമാക്കിയത്. അമേരിക്ക, ഓസ്ട്രേലിയ, ഫ്രാൻസ് തുടങ്ങി ഏറെ രാജ്യങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്ന ലോകപ്രസിദ്ധമായ ഇരുപതിനായിരത്തിലധികം ചിത്രകഥാ പുസ്തകങ്ങളുമായി വീട്ടിൽ കോമിക്ക് ലൈബ്രറി സജ്ജീകരിച്ചിരിക്കുകയാണിപ്പോൾ. ശേഖരത്തിൽ 80 ശതമാനവും ഇംഗ്ലീഷി​ലാണ്. അഞ്ച് ശതമാനമേയുള്ളൂ മലയാളം.

ഡൽഹി ധരിയാഗഞ്ചിലെ ബുക്ക് ബസാറിൽ ചിത്രകഥകൾക്ക് പഞ്ഞമുണ്ടായിരുന്നില്ല. 2017ൽ കേരളത്തിലേക്ക് മടങ്ങും വരെ ഇവി​ടെ നിത്യസന്ദർശകനായിരുന്നു. ഇപ്പോഴും യാത്രയ്ക്കിടയിൽ ചിത്രകഥ അന്വേഷിച്ചിറങ്ങാറുണ്ട്. 150രൂപ മുതൽ 10,000രൂപ വരെ വിലയുള്ള ചിത്രകഥാപുസ്തകങ്ങളും ഇപ്പോൾ ഇറങ്ങുന്നുണ്ട്. ഭാര്യ അഡ്വ. ഫൈസലയാണ് വിനീതിന്റെ കരുത്ത്.

 മലയാളം പഠിപ്പിച്ചു

സ്വദേശം ഇരിങ്ങാലക്കുടയാണെങ്കിലും ജനിച്ചതും വളർന്നതും ഡൽഹിയിലായതിനാൽ മലയാളം എഴുതാനും വായിക്കാനും വശമില്ലായിരുന്നു വിനീതിന്. അമർചിത്രകഥകളിലൂടെയാണ് മലയാളം പഠിച്ചെടുത്തത്. ഇപ്പോൾ മലയാളം കോമിക്കുകളും കഥാപാത്രങ്ങളും മനഃപാഠമാണ്. ഫാന്റമാണ് ഹീറോ. ടാർസൻ, ടിൻടിൻ, ആസ്റ്ററിക്സ്, ബഗ്സ് ബണ്ണി എന്നിവയാണ് മറ്റു പ്രി​യപ്പെട്ടവർ‌.

 യെല്ലോ കിഡ് @ 1930

1930കളിൽ പ്രസിദ്ധീകരിച്ച യെല്ലോ കിഡാണ് ആദ്യ കോമിക്കെന്ന് കരുതപ്പെടുന്നു. പത്രങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്ന കോമിക്കുകൾ പുസ്തകരൂപത്തിൽ ഇറക്കിയതോടെയാണ് ചിത്രകഥ തരംഗമായത്. 1962ൽ ഇവ ഇന്ത്യയിൽ പ്രചാരത്തിലായി. രാമായണവും മഹാഭാരതവുമെല്ലാം പിന്നീട് ചിത്രകഥകളായി. 80കളിൽ മലയാളത്തിലും ചിത്രകഥകൾ പ്രസിദ്ധീകരിച്ചു തുടങ്ങി. 'പന്നാപിക്ടാഗ്രാഫിസ്റ്റ്" എന്നാണ് കോമിക്ക് ശേഖരിക്കുന്നവർ അറിയപ്പെടുന്നത്.

കോമിക്കി​നെക്കുറിച്ച് ധാരണയില്ലാത്തവരാണ് പരിഹസിക്കുന്നത്. പുതിയവ എവിടെ കണ്ടാലും വാങ്ങി വായിക്കും.

വിനീത് എബ്രഹാം

Advertisement
Advertisement