കേരളകൗമുദി ബോധപൗർണമി സെമിനാർ, ' ലഹരിയുടെ വേരുകൾ കണ്ടെത്താൻ വിദ്യാർത്ഥികൾ സഹായിക്കണം '

Tuesday 30 January 2024 12:58 AM IST

കൈപ്പട്ടൂർ: ലഹരിയുടെ വേരുകൾ കണ്ടെത്താൻ വിദ്യാർത്ഥികൾ സഹായിക്കണമെന്ന് വളളിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ പറഞ്ഞു. കൈപ്പട്ടൂർ ഗവ.വോക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ കേരളകൗമുദിയും എക്സൈസ് വകുപ്പും ചേർന്ന് നടത്തിയ ബോധപൗർണമി ലഹരി വിരുദ്ധ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരി പൊതു സമൂഹത്തിന് ഭീഷണിയാണ്. ഒരിക്കൽ അതുപയോഗിച്ചാൽ പിന്നീട് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താൻ പ്രയാസമാണെന്ന് അദ്ദേഹം പറഞ്ഞു.

ലഹരി വിൽക്കുന്നവരെയും ഉപയോഗിക്കുന്നവരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ വിദ്യാർത്ഥികൾ ജാഗരൂകരാകണമെന്ന് ക്ളാസ് നയിച്ച പത്തനംതിട്ട റേഞ്ച് സിവിൽ എക്സൈസ് ഒാഫീസർ കെ.എം.കവിത പറഞ്ഞു. കുടുംബ ബന്ധങ്ങൾ തകർക്കുന്ന ആപത്താണ് ലഹരി. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ടി.സുജ അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി സർക്കുലേഷൻ മാനേജർ എസ്.അനിൽകുമാർ പദ്ധതി വിശദീകരിച്ചു. കോന്നി ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതു ചാർളി ലഹരി വരുദ്ധ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ പ്രിൻസിപ്പൽ സിന്ധു കെ.ജി കുറുപ്പ്, കൈപ്പട്ടൂർ സഹകരണ ബാങ്ക് പ്രസിഡന്റ് പ്രസാദ് മാത്യു എന്നിവർ സംസാരിച്ചു. കേരളകൗമുദി സർക്കുലേഷൻ എക്സിക്യൂട്ടവുമാരായ സി.കെ. രാജേന്ദ്രപ്രസാദ്, ബിനു ശിവദാസ് എന്നിവർ പങ്കെടുത്തു.

Advertisement
Advertisement