പാർ.തിരഞ്ഞെടുപ്പ്: തിയതി കുറിക്കും മുമ്പ് തീ പാറി അങ്കക്കളം

Tuesday 30 January 2024 12:22 AM IST

election

തിരുവനന്തപുരം:കൊമ്പ് കോർത്ത് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും.പരസ്പരം

വാക്കേറ്റവും വെല്ലുവിളികളുമായി ഇരു പക്ഷവും.പിന്നാലെ പ്രതിപക്ഷത്തിന്റെ

ബഹിഷ്കരണം.പാർലമെന്റ് തിരഞ്ഞെടുപ്പ് അങ്കത്തിന് തിയതി കുറിക്കുന്നതിന് മുമ്പേ പടച്ചട്ടയണിഞ്ഞ് കളത്തിലിറങ്ങാൻ വെമ്പുന്ന ഭരണ, പ്രതിപക്ഷ സേനകളുടെ യുദ്ധ കാഹളമാണ് ഇന്നലെ നിയമസഭയിൽ കണ്ടത്.

കടുപ്പിച്ച മുഖഭാവവുമായി ആരോടും ഉരിയാടാതെയെത്തി ഒന്നര മിനിട്ടിൽ ഒതുക്കിയ ഗവർണറുടെ നയ പ്രഖ്യാപന പ്രസംഗത്തിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പാണ് സഭയിൽ

ഇന്നലെ നന്ദി പ്രമേയ ചർച്ച ആരംഭിച്ചത്.കൊല്ലം നിലമേലിൽ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രക്ഷോഭത്തിനെതിരെ റോഡിൽ രണ്ട് മണിക്കൂർ ഇരുന്ന് സീൻ സൃഷ്ടിക്കുകയും, രാജ്ഭവനിൽ കേന്ദ്ര സേനയുടെ രംഗ പ്രവേശനത്തിന് വഴിയൊരുക്കുകയും ചെയ്ത ഗവർണറുടെ നടപടിയിലും സഭയിൽ പ്രതിഫലനങ്ങൾ പ്രതീക്ഷിച്ചതാണ്.

എന്നാൽ, ചോദ്യോത്തര വേളയിൽ തന്നെ പ്രതിപക്ഷം സർക്കാരിനെതിരെ ആവനാഴിയിലെ അമ്പുകൾ വർഷിച്ചു .സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമത്തെച്ചൊല്ലിയായിരുന്നു അതെങ്കിൽ,കഴിഞ്ഞ അഞ്ച് മാസമായി ക്ഷേമ പെൻഷനുകൾ മുടങ്ങിയതായിരുന്നു അടുത്ത ആയുധം. പെൻഷൻ കിട്ടാത്ത വിഷമത്തിലാണ് ഒരു വയോധികൻ ആത്മഹത്യ ചെയ്തതെന്ന ആരോപണവുമായി കളം നിറഞ്ഞാടിയ പ്രതിപക്ഷം ,നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തു. ഒടുവിൽ,ചർച്ചയിൽ പങ്കെടുക്കാതെ സഭ ബഹിഷ്കരിക്കുക കൂടി ചെയ്തതോടെ,

പ്രതിപക്ഷം കരുതിക്കൂട്ടി തന്നെയെന്ന് വ്യക്തമായി.

സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമവും,ക്ഷേമ പെൻഷനുകളുടെ മുടക്കവും വരുന്ന തിരഞ്ഞെടുപ്പിലും പ്രതിപക്ഷത്തിന് സർക്കാരിനെതിരെ മൂർച്ഛയുള്ള ആയുധങ്ങളാവും. അതിനാൽ തന്നെ,തിരഞ്ഞെടുപ്പ് തിയതി വരുന്നതിന് ഇക്കാര്യത്തിൽ ആവശ്യമായ പ്രഖ്യാപനങ്ങൾക്ക് സംസ്ഥാന സർക്കാരും നിർബന്ധിതമാവും. ത്യേകിച്ച് ,അഞ്ചിന് അവതരിപ്പിക്കുന്ന ബഡ്ജറ്റിൽ.

ആസാധാരണം

ആ ഏറ്റുമുട്ടലും

സഭാ സമ്മേളനത്തിന്റെ തുടർ നടപടികൾ നിശ്ചയിക്കാൻ ചേരുന്ന കാര്യോപദേശക

സമിതി യോഗം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ കൊമ്പ് കോർക്കലും

പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കും അസാധാരണം.ബഡ്ജറ്റ് അവതരത്തിന്റെയും,

ചർച്ചയുടെയും തിയതികളെച്ചൊല്ലിയായിരുന്നു തർക്കം.രമ്യമായി പരിഹരിക്കേണ്ടിയിരുന്ന

പ്രശ്നം ഇരു പക്ഷത്തിന്റെയും കടും പിടിത്തത്തിൽ വഷളായി.മാർച്ച് 27ൽ നിന്ന്

ഫെബ്രുവരി 15ലേക്ക് വെട്ടിച്ചുരുക്കിയ സഭാ സമ്മേളനത്തിൽ വരും ദിനങ്ങളിൽ

തീപ്പൊരികൾ ചിതറാം.

അങ്കച്ചൂട്

ഉയരുന്നു

നവ കേരള സദസിലൂടെ ആഴ്ചകൾക്ക് മുമ്പ് എൽ.ഡി.എഫ് ഉഴുതു മറിച്ച തിരഞ്ഞെടുപ്പ്

അങ്കക്കളം ഊർജ്ജം പകർന്നത് പ്രതിപക്ഷത്തിന് കൂടിയായിരുന്നു.സദസിനെതിരെ

പ്രതിഷേധിച്ചവർക്ക് മർദ്ദനമേറ്റത് സംബന്ധിച്ച വിവാദങ്ങൾ, യു.ഡി.എഫിന്റെ

കുറ്റ വിചാരണ സദസുകൾ,ബിജെ.പിക്ക് ആവേശം പകർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കേരളത്തിൽ രണ്ട് തവണ നടത്തിയ റോഡ്ഷോ.ഇതിന് പിന്നാലെ,ബി.ജെ.പി സംസ്ഥാന

പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരംഭിച്ച കേരള യാത്ര,കേന്ദ്ര അവഗണനയ്ക്കെതിരെ

എട്ടിന് ഡൽഹിയിൽ മുഖ്യമന്ത്രിമാരും ഉൾപ്പെടെ അണിനിരക്കുന്ന സമരം,ഒമ്പതിന്

കെ.സുധാകരനും,വി.ഡി.സതീശനും ചേർന്ന് നടത്തുന്ന 'സമരാഗ്നി' കേരള യാത്ര.

ഇനി പോരാട്ടത്തിന്റ നാളുകൾ.

Advertisement
Advertisement