സാമ്പത്തിക പ്രതിസന്ധിയിൽ ഇന്ന് സഭ നിർത്തിവച്ച് ചർച്ച ചെയ്യും; പ്രതിപക്ഷത്തിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

Tuesday 30 January 2024 10:38 AM IST

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിൽ ഇന്ന് സഭ നിർത്തിവച്ച് ചർച്ച ചെയ്യും. ഉച്ചയ്‌ക്ക് ഒരു മണി മുതൽ രണ്ട് മണിക്കൂറാണ് ചർച്ച. ഈ സമ്മേളന കാലത്തെ ആദ്യ അടിയന്തര പ്രമേയ ചർച്ചയാണിത്. സാമ്പത്തിക പ്രതിസന്ധിയിൽ അടിയന്തര പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷത്തിന് നന്ദിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നോട്ടീസിൽ കേന്ദ്രത്തെ വിമർശിച്ചതിനും നന്ദി. പ്രതിപക്ഷം ഇതുവരെ ശ്രമിച്ചത് സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താനാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തിക പ്രസിതന്ധിക്ക് കാരണം ധനകാര്യ മാനേജ്‌മെന്റിലെ വീഴ്ചയും ധൂർത്തുമെന്നാണ് പ്രതിപക്ഷം പറഞ്ഞത്.

രണ്ടാം പിണറായിസർക്കാർ അധികാരമേറ്റ ശേഷം ഇത് ഏഴാം തവണയാണ് സഭ നിർത്തിവച്ച് അടിയന്തര പ്രമേയ ചർച്ചയ്‌ക്ക് അനുമതി നൽകുന്നത്. സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് കഴിഞ്ഞ സെപ്തംബറിലും സഭ നിർത്തിവച്ച് ചർച്ച നടന്നിരുന്നു. ഇതേ സാഹചര്യമാണ് ഇപ്പോഴും. കേന്ദ്രം കേരളത്തെ അവഗണിക്കുന്നു. കേരളത്തിന് അർഹതപ്പെട്ട എല്ലാ ആനുകൂല്യങ്ങളും നിഷേധിക്കുന്നു. കടമെടുക്കാനുള്ള പരിധി വെട്ടിക്കുറയ്‌ക്കുന്നു. ജിഎസ്‌ടി നഷ്ടപരിഹരത്തുക ബാക്കിയാണ്. ബഡ്‌ജറ്റിന് പുറത്തുള്ള വായ്‌പ്പയെ ബഡ്‌ജറ്റിന്റെ ഭാഗമാക്കി മാറ്റുന്നു തുടങ്ങി കേന്ദ്രത്തിനെതിരെ വലിയ ആരോപണങ്ങളാണ് സംസ്ഥാന സർക്കാർ ഉയർത്തുന്നത്. എന്നാൽ, സംസ്ഥാന സർക്കാരിന്റെ ധൂർത്തിനെ കുറിച്ചാവും പ്രതിപക്ഷം ചർച്ച ചെയ്യുക.