പി.സി. ജോർജ് ബി.ജെ.പിയിൽ

Thursday 01 February 2024 12:24 AM IST

ന്യൂഡൽഹി: യു.ഡി.എഫിലും എൽ.ഡി.എഫിലും പ്രവർത്തിച്ച് ഏഴു തവണ എം.എൽ.എയായിരുന്ന പി.സി.ജോർജ്ജ് ബി.ജെ.പിയിൽ ചേർന്നു. അദ്ദേഹത്തിന്റെ ജനപക്ഷം സെക്യുലർ പാർട്ടി ബി.ജെ.പിയിൽ ലയിക്കും. ലയന സമ്മേളനവും റാലിയും കേരളത്തിൽ സംഘടിപ്പിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ മത്സരിച്ചേക്കും.

ഇന്നലെ ഉച്ചയ്‌ക്ക് ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി പ്രകാശ് ജാവദേക്കർ, കേന്ദ്രമന്ത്രിമാരായ വി.മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, ദേശീയ ജനറൽ സെക്രട്ടറി രാധാമോഹൻ അഗർവാൾ, സെക്രട്ടറി അനിൽ ആന്റണി എന്നിവർ ചേർന്ന് പി.സി. ജോർജ്, മകൻ ഷോൺ ജോർജ്ജ്, ജനപക്ഷം സെക്രട്ടറി അഡ്വ. ജോർജ്ജ് ജോസഫ് എന്നിവരെ സ്വാഗതം ചെയ്‌തു.

ഇക്കുറി അഞ്ചിൽ കുറയാതെ എം.പിമാർ കേരളത്തിൽ നിന്ന് നരേന്ദ്രമോദിക്ക് പിന്തുണ നൽകാനുണ്ടാകുമെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ അത് ആവർത്തിക്കുമെന്നും ജോർജ് അവകാശപ്പെട്ടു.

ബി.ജെ.പിക്ക് ജയിക്കാൻ ബുദ്ധിമുട്ടുള്ള കേരളത്തിൽ കൂടുതൽ ആളുകൾ നരേന്ദ്രമോദിയുടെ സ്ഥിരതയുള്ള സർക്കാരിന്റെ വികസന മുദ്രാവാക്യത്തിൽ ആകൃഷ്‌ടരാകുന്നുവെന്ന് വി.മുരളീധരൻ പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കിടയിൽ ബി.ജെ.പിക്കെതിരായി പ്രചരിപ്പിച്ച വ്യാജ പ്രചാരണങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്നതാണ് പി.സി. ജോർജ്ജിന്റെ വരവ്.

2019ലെ തിരഞ്ഞെടുപ്പ് സാഹചര്യമല്ല കേരളത്തിലുള്ളതെന്ന് കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. കേരളത്തിൽ അഞ്ചു സീറ്റു നേടുമെന്നും അദ്ദേഹം ആവർത്തിച്ചു.

Advertisement
Advertisement