ആയുഷ് ഡോക്ടർമാർക്ക് യോഗ്യതാ പരീക്ഷ വരും

Thursday 01 February 2024 1:49 AM IST

കൊച്ചി: ആയുഷ് ബിരുദം നേടുന്നവർ ചികിത്സ ആരംഭിക്കണമെങ്കിൽ പ്രത്യേക യോഗ്യതാ പരീക്ഷ ജയിക്കേണ്ടിവരും. ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി, യോഗ, പ്രകൃതിചികിത്സ എന്നിവയിൽ ബിരുദം നേടുന്നവർക്ക് ഇതിനായി ദേശീയതലത്തിൽ പരീക്ഷ നടത്താൻ കേന്ദ്ര ആയുഷ് മന്ത്രാലയം നടപടി ആരംഭിച്ചു. മൂന്നു വർഷത്തിനകം പരീക്ഷ ആരംഭിക്കും.

പരീക്ഷ സംബന്ധിച്ച സർക്കുലർ ആയുഷ് മന്ത്രാലയത്തിനു കീഴിലെ നാഷണൽ കമ്മിഷൻ ഫോർ ഇന്ത്യൻ സിസ്റ്റം ഒഫ് മെഡിസിൻ സെക്രട്ടറി ബി.എൽ. മെഹ്റ പുറത്തിറക്കി. ദേശീയതല പരീക്ഷ (നാഷണൽ എക്സിറ്റ് ടെസ്റ്റ് ) വിജയിക്കുകയും ഒരു വർഷത്തെ ഹൗസ് സർജൻസി പൂർത്തിയാക്കുകയും ചെയ്തവർക്കു മാത്രമേ കേന്ദ്ര, സംസ്ഥാന കൗൺസിലുകളിൽ രജിസ്ട്രേഷൻ അനുവദിക്കൂ.

പരീക്ഷാനടത്തിപ്പിനുള്ള ഏജൻസിയെ പിന്നീട് നിശ്ചയിക്കും. ഫെബ്രുവരി, ആഗസ്റ്റ് മാസങ്ങളിലായി പ്രതിവർഷം രണ്ടു പരീക്ഷ നടത്തും. അവസാനവർഷം കഴിഞ്ഞ് കുറഞ്ഞത് 170 ദിവസം ഹൗസ് സർജൻസി പൂർത്തിയാക്കിയവർക്കും ബിരുദം നേടി ഒരു വർഷം ഹൗസ് സർജൻസി പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. പരീക്ഷാസിലബസും നടത്തിപ്പും മൂന്നു വർഷത്തിനകം നിശ്ചയിക്കും. തുടർന്ന് നിയമനിർമ്മാണം പൂർത്തിയാക്കി പരീക്ഷ ആരംഭിക്കും. വിശദമായ ചർച്ചകളും അഭിപ്രായ രൂപീകരണവും നാഷണൽ കമ്മിഷൻ നടത്തുമെന്ന് കോളേജുകൾക്ക് നൽകിയ സർക്കുലറിൽ ആയുഷ് വകുപ്പ് അറിയിച്ചു.

പരീക്ഷാ വിഷയങ്ങൾ

 ചികിത്സിക്കാനുള്ള പ്രായോഗിക കഴിവ്

 പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശേഷി

 മെഡിക്കൽ ധാർമ്മികതയിൽ അറിവ്

 ആരോഗ്യ നിയമ പരിജ്ഞാനം

''ആരോഗ്യമേഖലയുടെ ഗുണനിലവാരം ഉറപ്പാക്കാനാണ് യോഗ്യതാപരീക്ഷ. നിലവാരമുള്ള അദ്ധ്യയനം നടക്കുന്ന കേരളത്തിലെ ആയുഷ് വിദ്യാർത്ഥികൾ ആശങ്കപ്പെടേണ്ടതില്ല.""

- ഡോ. മോഹൻ കുന്നുമ്മൽ, വി.സി, ആരോഗ്യ സർവകലാശാല

''വിദ്യാർത്ഥികൾക്ക് അധികഭാരവും സമ്മർദ്ദവുമാണ് യോഗ്യതാപരീക്ഷ. നാഷണൽ കമ്മിഷൻ നിശ്ചയിച്ച പാഠ്യപദ്ധതിയിൽ അഞ്ചര വർഷം പഠിച്ച് പരീക്ഷ വിജയിച്ചവർക്ക് കമ്മിഷൻ വീണ്ടും യോഗ്യതാ പരീക്ഷ നടത്തുന്നത് യുക്തിരഹിതമാണ്.""

- ഡോ. കെ.സി. അജിത്കുമാർ,

ജനറൽ സെക്രട്ടറി, ആയുർവേദ മെഡിക്കൽ അസോ. ഒഫ് ഇന്ത്യ

Advertisement
Advertisement