പി.എം കിസാൻ ആനുകൂല്യം കൂടും  ബഡ്ജറ്റിൽ പ്രതീക്ഷിക്കുന്നത് 4000 രൂപ വരെ വർദ്ധന

Thursday 01 February 2024 12:00 AM IST

തിരുവനന്തപുരം; ലോക്സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കർഷകരെ ഒപ്പം നിറുത്താനുള്ള നീക്കങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി ( പി.എം കിസാൻ യോജന) യുടെ ആനുകൂല്യം കേന്ദ്രം വർദ്ധിപ്പിച്ചേക്കും. ഇന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന ബഡ്ജറ്റിൽ ഇത് 8,000 മുതൽ 10,000 രൂപ വരെ ആയി ഉയർത്തിയേക്കുമെന്നാണ് സൂചന.
ചെറുകിട, ഇടത്തരം കർഷകർക്ക് വരുമാന പിന്തുണ ഉറപ്പാക്കാനായി ആവിഷ്‌കരിച്ച പദ്ധതിയിൽ നിലവിൽ മൂന്ന് ഗഡുക്കളായി പ്രതിവർഷം ആകെ 6,000 രൂപയാണ് കർഷകർക്ക് നൽകുന്നത്.

കണക്കുകൾ പ്രകാരം ഏകദേശം 15 കോടി കർഷകർ രാജ്യത്തുണ്ട്. നടപ്പുവർഷം ഏപ്രിൽ മുതൽ ജൂലായ് വരെയുള്ള കണക്കുപ്രകാരം 8.56 കോടി ചെറുകിട, ഇടത്തരം കർഷകരാണ് പി.എം കിസാൻ യോജനയുടെ ആനുകൂല്യം നേടിയത്.
2,000 രൂപയുടെ മൂന്ന് ഗഡുക്കളായി ആകെ 6,000 രൂപ നിലവിൽ ഓരോ സാമ്പത്തിക വർഷവും ഇവർക്ക് ലഭിക്കുന്നുണ്ട് .

കേരളത്തിൽ 20 ലക്ഷത്തിലധികം പേർ

പി.എം കിസാൻ സമ്മാൻ നിധിയുടെ കണക്കുകൾ പ്രകാരം കേരളത്തിൽ 23.40 ലക്ഷം കർഷകരുണ്ട്. രണ്ട് ഹെക്ടർ വരെ ഭൂമിയുള്ള ചെറുകിട, ഇടത്തരം കർഷകരാണ് സഹായം ലഭിക്കാൻ യോഗ്യതയുള്ളത്.
പല സംസ്ഥാനങ്ങളിലും അനർഹർ പട്ടികയിൽ ഇടംനേടിയെന്നും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും പണംതട്ടിയെന്നും കേന്ദ്രം കണ്ടെത്തിയിരുന്നു. കേരളത്തിൽ അർഹതയില്ലാതെ ആനുകൂല്യം കൈപ്പറ്റിയത് 30,416 പേരായിരുന്നു. 31.05 കോടി രൂപയാണ് ഇവർ അനർഹമായി നേടിയത്. അനർഹരോട് ഇതിനകം കൈപ്പറ്റിയ ആനുകൂല്യം തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement
Advertisement