ഒൻപത് വയസുകാരന് പിന്നാലെ കുരച്ച് പാഞ്ഞ് തെരുവുനായ
കൊല്ലം: കുരച്ച് പാഞ്ഞെത്തിയ തെരുവുനായയിൽ നിന്ന് ഒൻപത് വയസുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഡീസന്റ് മുക്ക് ചെന്താപ്പൂരിന് സമീപം വാടകയ്ക്ക് താമസിക്കുന്ന പ്രമോദിന്റെയും സുജിതയുടെയും മകൻ സായി പ്രമോദിനെയാണ് തെരുവുനായ കടിക്കാൻ ഓടിച്ചത്.
ചൊവ്വാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. സായി കടയിൽ നിന്ന് സോപ്പ് വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടയിൽ പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പിൽ തമ്പടിച്ചിരുന്ന തെരുവുനായകളിൽ ഒന്ന് സായിക്ക് പിന്നാലെ പാഞ്ഞടുത്തു. ഇതോടെ സായി അമ്മേ... എന്ന് വിളിച്ച് ഓടുന്ന നിരീക്ഷണ കാമറാദൃശ്യം നവമാദ്ധ്യമങ്ങളിലാകെ പ്രചരിക്കുകയാണ്. മറ്റൊരു നായകൂടി ഓടിയെത്തിയതോടെ ആദ്യം ഓടിച്ച തെരുവുനായ പെട്ടെന്ന് പിന്തിരിയുകയായിരുന്നു.
അധികൃതർ കാണുന്നുണ്ടോ
ഈ മരണപ്പാച്ചിൽ
തെരുവുനായകളുടെ ആക്രമണം വ്യാപകമായിട്ടും അധികൃതർ ഉറക്കത്തിലാണ്. ജില്ലാ പഞ്ചായത്ത് ഇത്തവണയും എ.ബി.സി പദ്ധതിക്ക് പണം വകയിരുത്തിയിട്ടുണ്ട്. സാമ്പത്തിക വർഷം അവസാനിക്കാറായിട്ടും പദ്ധതി കാര്യക്ഷമമല്ല. വന്ധ്യംകരണ കേന്ദ്രങ്ങൾ സജ്ജമാക്കാനുള്ള പണം ഭൂരിഭാഗം പഞ്ചായത്തുകളും വകയിരുത്തിയിട്ടില്ല. കഴിഞ്ഞ വർഷം എ.ബി.സി പദ്ധതിക്ക് നീക്കിവച്ച ലക്ഷക്കണക്കിന് രൂപ പാഴായിരുന്നു. ജില്ലയിൽ കൊല്ലം കോർപ്പറേഷനിൽ മാത്രമാണ് പദ്ധതി അല്പമെങ്കിലും കാര്യക്ഷമമായി നടക്കുന്നത്.