ആഴക്കടലിന്റെ വിസ്മയക്കാഴ്ച ഒരുക്കി ഓപ്പൺ ഹൗസ് ഇന്ന്

Friday 02 February 2024 12:53 AM IST

കൊച്ചി: ആഴക്കടലിന്റെ വിസ്മയക്കാഴ്ചകളും കൗതുകവും കടലറിവുകളുമൊരുക്കി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) ഇന്ന് പൊതുജനങ്ങൾക്കായി തുറന്നിടും. 77-ാമത് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായാണ് പ്രദർശനം നടത്തുന്നത്.

കടൽജൈവവിദ്ധ്യങ്ങളുടെ ശേഖരങ്ങളുള്ള മ്യൂസിയം, മറൈൻ അക്വേറിയം എന്നിവ സന്ദർശിക്കാനും വിദഗ്ദ്ധരുമായി ആശയവിനിമയം നടത്താനും അവസരമുണ്ടാകും.

തിമിംഗല സ്രാവ്, കടൽ മുയൽ, പറക്കും കൂന്തൽ, കടൽ വെള്ളരി, പലതരം കടൽസസ്യങ്ങൾ, കടൽപാമ്പുകൾ, വിഷമത്സ്യങ്ങൾ തുടങ്ങി മൂവായിരത്തോളം ശേഖരങ്ങളടങ്ങുന്നതാണ് സി.എം.എഫ്.ആർ.ഐയിലെ നാഷണൽ മറൈൻ ബയോഡൈവേഴ്‌സിറ്റി മ്യൂസിയം.

കടലിൽ നിന്ന് പിടിക്കുന്ന ചെറുതും വലുതുമായ മത്സ്യങ്ങൾ, ചെമ്മീൻ, ഞണ്ട്, കക്ക വർഗങ്ങൾ, സൂക്ഷ്മ ആൽഗകൾ, മുത്തുകൾ, കടൽകൃഷിയുടെ നൂതനരീതികൾ, കണ്ടൽതൈകൾ തുടങ്ങിയവ പ്രദർശിപ്പിക്കും.

രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ഓപ്പൺ ഹൗസിൽ പ്രവേശനം സൗജന്യമാണ്. സമുദ്ര മത്സ്യസമ്പത്തിന്റെ സുസ്ഥിര ഉപയോഗത്തെക്കുറിച്ചും ജൈവവൈവിദ്ധ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും ജനങ്ങളെ ബോധവത്കരിക്കുകയാണ് ഓപ്പൺ ഹൗസിലൂടെ ലക്ഷ്യമിടുന്നത്.