ഒടുവിൽ 20 കോടിയുടെ ഭാഗ്യവാൻ ടിക്കറ്റുമായി തിരുവനന്തപുരത്തെത്തി; ക്രിസ്‌മസ്  -  ന്യൂ  ഇയർ  ബമ്പറടിച്ചത് പോണ്ടിച്ചേരി സ്വദേശിയായ 33കാരന്

Friday 02 February 2024 3:53 PM IST

തിരുവനന്തപുരം: ക്രിസ്‌മസ് - ന്യൂ ഇയർ ബമ്പർ ലോട്ടറിയടിച്ച ഭാഗ്യവാനെ കണ്ടെത്തി. പോണ്ടിച്ചേരി സ്വദേശിയായ 33 വയസുള്ള ബിസിനസുകാരനാണ് ലോട്ടറിയടിച്ചത്. ശബരിമല തീർത്ഥാടനത്തിന് പോകവെ തിരുവനന്തപുരത്ത് നിന്നാണ് അദ്ദേഹം ടിക്കറ്റെടുത്തത്. ടിക്കറ്റുമായി ഭാഗ്യവാൻ ലോട്ടറി ഡയറക്ടറേറ്റിലെത്തി.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള ലക്ഷ്മി സെന്റർ എന്ന ലോട്ടറി കടയിൽ നിന്ന് വില്പന നടത്തിയ ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഇരുപതു കോടി രൂപ ലഭിച്ചത്. എക്സ് സി 224091 ആണ് ടിക്കറ്റ് നമ്പർ. ലോട്ടറി വകുപ്പിൽ നിന്ന് ഇതു വാങ്ങിയത് പാലക്കാട്ടെ വിൻസ്റ്റാർ ലോട്ടറി ഏജൻസി ഉടമ പി ഷാജഹാനായിരുന്നു. അവിടെ നിന്നാണ് ലക്ഷ്മി സെന്റർ ഉടമ ദൊരൈരാജ് വാങ്ങിയത്. പദ്മനാഭ സ്വാമി ക്ഷേത്രം സന്ദർശിക്കുന്ന മറ്റു സംസ്ഥാനക്കാർ ഉൾപ്പെടെ ടിക്കറ്റ് വാങ്ങാറുള്ളതിനാൽ ഭാഗ്യശാലി ആരെന്ന് വ്യക്തമായിരുന്നില്ല. മറ്റു ജില്ലകളിൽ നിന്നെത്തുന്ന മലയാളികളും തിരുവനന്തപുരത്തുള്ളവരും ബമ്പർ ടിക്കറ്റുകൾ ഇവിടെ നിന്ന് വാങ്ങിയിരുന്നു.

ആദ്യമായാണ് ഇത്രയും വലിയ സമ്മാനം താൻ വിറ്റ ടിക്കറ്റിന് ലഭിക്കുന്നതെന്ന് ദൊരൈരാജ് പറഞ്ഞു. പതിനഞ്ചു വർഷമായി പാലക്കാട്ട് പോയാണ് അദ്ദേഹം ടിക്കറ്റ് എടുക്കാറുള്ളത്. പത്തുശതമാനം ഏജൻസി കമ്മിഷൻ ദൊരൈരാജിന് ലഭിക്കും. ഇത് രണ്ടുകോടി രൂപ വരും.

പാലക്കാട് അയ്യപുരം ശാസ്താപുരി സ്വദേശി എം ഷാജഹാൻ 20 വർഷമായി ലോട്ടറി വില്പന നടത്തുകയാണ് . സ്റ്റേഡിയം സ്റ്റാൻഡ്, ജി.ബി റോഡ്, ഒലവക്കോട് എന്നിവിടങ്ങളിലായി ആറ് കടകളുണ്ട്. 2012ൽ തിരുവോണം ബമ്പർ ആൾട്ടോ കാർ സമ്മാനമായി ലഭിച്ചിരുന്നു. ക്രിസ്മസ്- ന്യൂ ഇയർ ബമ്പർ മാത്രം 40000 ടിക്കറ്റുകളാണ് ഇവിടെനിന്നും വിറ്റത്.

Advertisement
Advertisement