ഒറ്റയാള്‍ പോരാട്ടവുമായി ജയ്‌സ്‌വാള്‍, വിശാഖപട്ടണം ടെസ്റ്റില്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍

Friday 02 February 2024 6:38 PM IST

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. കളി നിര്‍ത്തുമ്പോള്‍ യുവ താരം യശ്വസി ജയ്‌സ്‌വാളിന്റെ അപരാജിത സെഞ്ച്വറി (179*) മികവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. രവിചന്ദ്രന്‍ അശ്വിന്‍ (5*) ആണ് ഒപ്പം ക്രീസിലുള്ളത്.

257 പന്തുകള്‍ നേരിട്ട ജയ്‌സ്‌വാള്‍ 17 ഫോറും അഞ്ച് സിക്‌സും സഹിതമാണ് 179 റണ്‍സ് നേടി നില്‍ക്കുന്നത്. യുവതാരത്തിന്റെ കരിയറിലെ രണ്ടാം സെഞ്ച്വറിയാണിത്. അതേസമയം മികച്ച ബാറ്റിംഗ് വിക്കറ്റിന്റെ ആനുകൂല്യം മുതലെടുത്ത് വലിയ ഇന്നിംഗ്‌സ് കളിക്കാന്‍ മറ്റ് ബാറ്റര്‍മാര്‍ക്ക് ആര്‍ക്കും തന്നെ കഴിഞ്ഞില്ല.

രോഹിത് ശര്‍മ്മ (14), ശുഭ്മാന്‍ ഗില്‍ (34), ശ്രേയസ് അയ്യര്‍ (27), രജത് പാട്ടിദാര്‍ (32), അക്‌സര്‍ പട്ടേല്‍ (27), ശ്രീകര്‍ ഭരത് (17) എന്നിവര്‍ നല്ല തുടക്കം ലഭിച്ചിട്ടും മുതലാക്കിയില്ല. ഇതില്‍ രജത് പാട്ടീദാര്‍ മാത്രമാണ് നിര്‍ഭാഗ്യം കൊണ്ട് പുറത്തായത്. ബാറ്റിംഗിനെ തുണയ്ക്കുന്ന വിക്കറ്റില്‍ മികവുറ്റ ബൗളിംഗ് പ്രകടനമാണ് ഇംഗ്ലീഷുകാര്‍ പുറത്തെടുത്തത്. ഒപ്പം ഫീല്‍ഡിങ്ങിലും അവര്‍ മികച്ച് നിന്നു.

ഇംഗ്ലണ്ടിന് വേണ്ടി അരങ്ങേറ്റ മത്സരം കളിക്കുന്ന ഷെയ്ബ് ബഷീര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയുടെ വിക്കറ്റാണ് ബഷീര്‍ കരിയറില്‍ ആദ്യം നേടിയത്. റേഹാന്‍ ആഹമ്മദും രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍, ടോം ഹാര്‍ട്‌ലി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.