കടൽക്കൊള്ള വീണ്ടും തകർത്ത് നാവികസേന

Saturday 03 February 2024 12:47 AM IST

കൊച്ചി: സൊമാലിയൻ തീരത്ത് കടൽക്കൊള്ളക്കാർ റാഞ്ചിയ യാനവും ബന്ദി​കളാക്കിയ 19 മത്സ്യത്തൊഴിലാളികളെയും ഇന്ത്യൻ നാവികസേന മോചിപ്പിച്ചു. കൊച്ചിയിൽ നിന്നുള്ള ഐ.എൻ.എസ് ശാരദയിലെ നാവികരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ജനുവരി 31ന് രാത്രിയാണ് ഇറാനിൽ നിന്നുള്ള മത്സ്യബന്ധന യാനമായ എഫ്.വി ഒമാറിൽ കടൽക്കൊള്ളക്കാർ കയറിയത്. 11 ഇറാനികളും 8 പാകി​സ്ഥാനികളുമാണ് യാനത്തിലുണ്ടായിരുന്നത്.

നിരീക്ഷണ, രക്ഷാദൗത്യ കപ്പലായ ശാരദ, അപകടസന്ദേശം ലഭിച്ചതോടെ ഇന്നലെ പുലർച്ചെ യാനത്തിന് സമീപമെത്തി. ബന്ദികളെ മോചിപ്പിക്കാൻ കടൽക്കൊള്ളക്കാർക്ക് സന്ദേശം നൽകി. കപ്പലിൽനിന്ന് റസ്‌ക്യൂബോട്ടിൽ കുതിച്ചെത്തിയ നാവിക കമാൻഡോകൾ യാനത്തിൽ കയറി ബന്ദികളാക്കിയ 19 പേരെയും മോചിപ്പിച്ചു. ഒരാഴ്ചയ്ക്കകം ഇന്ത്യൻ നാവികസേന പരാജയപ്പെടുത്തിയ മൂന്നാമത്തെ കടൽക്കൊള്ള ശ്രമമാണിത്.