മലയാളിക്ക് കൊടുക്കാതെ നാഗാലാൻഡിലേക്ക് വൻതോതിൽ കടത്തുന്നു, ഹോട്ടലിലോ തട്ടുകടയിലോ കിട്ടാക്കനിയാകും

Saturday 03 February 2024 4:07 PM IST

കോട്ടയം : ഒരു മാസത്തിനുള്ളിൽ പന്നിയിറച്ചിയ്ക്ക് കൂടിയത് 100 രൂപ. എല്ലില്ലാത്ത ഒരു കിലോ പന്നിയിറച്ചിക്ക് 400 രൂപയും, എല്ലോട് കൂടിയതിന് 340 രൂപയുമാണ് വില. ക്രിസ്മസിന് മുൻപ് യഥാക്രമം 300, 280 രൂപയായിരുന്നു. ഒരുമാസത്തിനിടയിൽ ഓരോ ആഴ്ചയും 20 വീതം കൂട്ടിയാണ് വിൽക്കുന്നത്. ഇനിയും വില വർദ്ധിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. വൻകിട പന്നി ഫാമുകാർ വില കൂട്ടിയതാണ് തങ്ങളും വില കൂട്ടാൻ കാരണമെന്ന് പന്നി കശാപ്പ് ചെയ്ത് ചെറുകിട കച്ചവടക്കാർക്ക് നൽകുന്ന വ്യാപാരികൾ പറഞ്ഞു. ചെക്ക് പോസ്റ്റ് വഴി അന്യസംസ്ഥാനങ്ങളിൽ നിന്ന് പന്നികളെ കൊണ്ടുവരാൻ അനുവാദം നിഷേധിച്ചതും വില കൂടാനിടയാക്കി. പന്നിപ്പനിയുടെ പേരിൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്നത് നേരത്തെ വിലക്കിയിരുന്നു. ഈ വിലക്ക് ഇപ്പോഴും തുടരുന്നതും വൻകിട ഫാമികളുടെ സമ്മർദ്ദത്തെ തുടർന്നാണെന്നാണ് ആരോപണം.

കയറ്റുമതിയും തളർത്തി വൻകിട പന്നിഫാമുകളിൽ നിന്ന് നാഗാലാന്റിലേക്കു പന്നികളെ കയറ്റുമതി ചെയ്യുന്നതും കേരളത്തിൽ പന്നിക്ഷാമത്തിന് കാരണമാകുന്നു. മുൻപ് ആന്ധ്ര, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന് വ്യാപകമായി പന്നികളെ എത്തിച്ചിരുന്നു. ചെറുകിട ഫാമുകൾ സംസ്ഥാനത്ത് വ്യാപകമായിരുന്നുവെങ്കിലും മലിനീകരണ പ്രശ്നം, പരാതികൾ, വിലക്കുറവ് എന്നീ കാരണങ്ങളാൽ പലരും കൃഷി ഉപേക്ഷിച്ചതും ഡിമാൻഡ് വർദ്ധിക്കാൻ കാരണമായി. പോത്തിറച്ചി വില വർദ്ധിച്ചതോടെ നിരവധി പേർ പന്നി ഇറച്ചിയിലേക്ക് തിരിഞ്ഞിരുന്നു.

കേരള ചിക്കൻ മാതൃകയിൽ പന്നി ഇറച്ചി വില സർക്കാർ നിയന്ത്രിക്കുക, ചെക്ക് പോസ്റ്റ് വഴിയുള്ള നിയന്ത്രണം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾക്ക് പരിഹാരമില്ല.

( കേരള പന്നി ഇറച്ചി വ്യാപാരികളുടെ ഫെഡറേഷൻ).