സ്ഥിരമായി പന്നിയിറച്ചി കഴിക്കുന്നവർ ഇനി രണ്ടിലൊന്ന് ആലോചിക്കും,​ വില്ലനാകുന്നത് അന്യസംസ്ഥാന ലോബി

Saturday 03 February 2024 8:35 PM IST

കോട്ടയം : ഒരു മാസത്തിനുള്ളിൽ പന്നിയിറച്ചിയ്ക്ക് കൂടിയത് 100 രൂപ. എല്ലില്ലാത്ത ഒരു കിലോ പന്നിയിറച്ചിക്ക് 400 രൂപയും,​ എല്ലോ​ട് കൂടിയതിന് 340 രൂപയുമാണ് വില. ക്രിസ്മസിന് മുൻപ് യഥാക്രമം 300, 280 രൂപയായിരുന്നു. ഒരുമാസത്തിനിടയിൽ ഓരോ ആഴ്ചയും 20 വീതം കൂട്ടിയാണ് വിൽക്കുന്നത്. ഇനിയും വി​ല വർദ്ധിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. വൻകിട പന്നി ഫാമുകാർ വി​ല കൂട്ടിയതാണ് തങ്ങളും വില കൂട്ടാൻ കാരണമെന്ന് പന്നി കശാപ്പ് ചെയ്ത് ചെറുകിട കച്ചവടക്കാർക്ക് നൽകുന്ന വ്യാപാരികൾ പ​റഞ്ഞു. ചെക്ക് പോസ്റ്റ് വ​ഴി അന്യസംസ്ഥാനങ്ങളിൽ നിന്ന് പന്നികളെ കൊണ്ടുവരാൻ അനുവാദം നിഷേധിച്ചതും വില കൂടാനിടയാക്കി. പന്നിപ്പനിയുടെ പേ​രിൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്നത് നേരത്തെ വിലക്കിയിരുന്നു. ഈ വിലക്ക് ഇപ്പോഴും തുടരു​ന്നതും വൻകിട ഫാമികളുടെ സ​മ്മർദ്ദത്തെ തുടർന്നാണെന്നാണ് ആരോ​പണം.

കയറ്റുമതിയും തളർത്തി വൻകിട പന്നിഫാമുകളിൽ നിന്ന് നാഗാലാന്റിലേക്കു പന്നികളെ ക​യ​റ്റുമ​തി ചെ​യ്യു​ന്നതും കേരളത്തിൽ പന്നിക്ഷാ​മ​ത്തിന് കാരണമാകു​ന്നു. മുൻപ് ആന്ധ്ര, തമിഴ്​നാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന് വ്യാപകമായി പന്നികളെ എത്തിച്ചിരുന്നു. ചെറുകിട ഫാമുകൾ സം​സ്ഥാനത്ത് വ്യാപകമായിരുന്നുവെങ്കിലും മലിനീകരണ പ്രശ്​നം, പരാതികൾ, വിലക്കുറവ് എന്നീ കാരണങ്ങളാൽ പലരും കൃഷി ഉപേക്ഷിച്ചതും ഡിമാൻഡ് വർദ്ധിക്കാൻ കാരണമായി. പോത്തിറച്ചി വി​ല വർ​ദ്ധിച്ചതോടെ നിരവധി പേർ പന്നി ഇറച്ചിയി​ലേക്ക് തിരിഞ്ഞിരുന്നു.

കേരള ചിക്കൻ മാതൃകയിൽ പന്നി ഇറച്ചി വില സർക്കാർ നിയന്ത്രിക്കുക, ചെക്ക് പോസ്റ്റ് വഴിയുള്ള നിയന്ത്രണം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾക്ക് പരിഹാരമില്ല.

( കേരള പന്നി ഇറച്ചി വ്യാപാരികളുടെ ഫെഡ​റേ​ഷൻ).