കാട്ടിലും നാട്ടിലും ആനയ്ക്ക് രക്ഷയില്ല,​ വനത്തിൽ ആറായിരം ആനകൾ

Sunday 04 February 2024 11:56 PM IST

തിരുവനന്തപുരം: കേരളത്തിന്റെ ഔദ്യോഗിക മൃഗമാണെങ്കിലും കാട്ടിലും നാട്ടിലും ആനകൾക്ക് രക്ഷയില്ലാതായിട്ടുണ്ട്. സംസ്ഥാനത്ത് പ്രതിവർഷം ശരാശരി 25ആനകൾ ചരിയുന്നു. കഴിഞ്ഞ ആറുവർഷം 125ആനകൾ ചരിഞ്ഞു.

കേരളത്തിലെ വനങ്ങളിൽ ആറായിരത്തോളം ആനകളുണ്ട്.

കാട്ടിൽ ഏഴ് വർഷത്തിനിടെ 155കുട്ടിയാനകളടക്കം 735 കാട്ടാനകൾ ചരിഞ്ഞെന്നാണ് വനംവകുപ്പിന്റെ കണക്ക്. രോഗവും തീറ്റയും വെള്ളവുമില്ലാത്തതുമടക്കം കാരണങ്ങൾ പലതാണ്. നാടിറങ്ങുന്ന കാട്ടാനകളെ മയക്കുവെടിവച്ചും പടക്കംപൊട്ടിച്ചും തുരത്തുമ്പോഴും അവയുടെ ആരോഗ്യനില മോശമാവുകയും ചരിയുകയും ചെയ്യുന്നു. ആനവേട്ടയും നടക്കുന്നുണ്ട്. അതേസമയം, അഞ്ചു വർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ 637പേർ മരിച്ചിട്ടുമുണ്ട്. വയനാട്, ഇടുക്കി, കണ്ണൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലായി 30ലക്ഷത്തോളം പേർ വന്യജീവി ഭീതിയിലുമാണ്.

വനത്തിൽ മുപ്പതിനായിരം ഹെക്ടറിൽ യൂക്കാലിപ്‌റ്റസ്, അക്കേഷ്യ, മാഞ്ചിയം, വാറ്റിൽ തുടങ്ങിയ വിദേശയിനം തോട്ടങ്ങൾ വ്യാവസായികാവശ്യത്തിന് നട്ടുപിടിപ്പിച്ചതോടെ ആനകൾക്ക് തീറ്റക്ഷാമം നേരിട്ടു. 2018മുതൽ ഈ തോട്ടങ്ങൾ സ്വാഭാവിക വനമാക്കി പ്ലാവും ഫലവൃക്ഷങ്ങളും വച്ചുപിടിപ്പിക്കുന്നുണ്ട്. പെരിയാർ എലിഫന്റ് റിസർവിൽപെട്ട പത്തനംതിട്ട, കൊല്ലം, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലെ വനമേഖലയിൽ 811ആനകളുണ്ട്. റാന്നി ഡിവിഷനിൽ ഇരുനൂറിലേറെ ആനകളുണ്ട്. ആനയ്ക്ക് ദിവസവും 150- 250 കിലോ ഭക്ഷണവും 250ലിറ്റർ വെള്ളവും വേണം.

കേരള അതിർത്തിയോട് ചേർന്ന കുടക് മേഖലയിൽ 1200ആനകളെ കണ്ടെത്തിയിട്ടുണ്ട്.

കാട്ടാനകളുടെ ജീവനെടുക്കുന്നത്

പടക്കം നിറച്ച പഴവർഗങ്ങൾ

വൈദ്യുതാഘാതമേറ്റ്

കൊമ്പിനായി വേട്ട

പ്ലാസ്റ്റിക് മാലിന്യം

ട്രെയിനിടിച്ച്

വിഷപ്രയോഗം


16ലക്ഷം

ഇടുക്കി ചിന്നക്കനാലിൽ അരിക്കൊമ്പനെ പിടികൂടാൻ ചെലവിട്ടത്

17ലക്ഷം

പാലക്കാട് ധോണിയിൽ പി.ടി-സെവനെ പിടികൂടാൻ ചെലവ്

പദ്ധതികൾ

പണം കൊയ്യാൻ

കാട്ടാനകൾ നാടിറങ്ങുന്നത് തടയാൻ വനാതിർത്തികളിൽ സൗരോർജ്ജവേലി, കിടങ്ങുകൾ, ആന പ്രതിരോധ മതിൽ, ക്രാഷ്‌ഗാർഡ്, റോപ്പ് ഫെൻസിംഗ്, റെയിൽ ഫെൻസിംഗ് എന്നിവയുണ്ട്.

നിലവിൽ 2500 കിലോമീറ്ററിൽ സൗരോർജ്ജവേലിയും 500കി.മി കിടങ്ങുമുണ്ട്. 680കി.മി സൗരോർജ്ജ വേലി, 132 കി.മി കിടങ്ങ് പണി പുരോഗമിക്കുന്നു.

Advertisement
Advertisement