തിരുവില്വാമല സർവീസ് സഹ. ബാങ്കിൽ 2.43 കോടി തട്ടിപ്പ്

Monday 05 February 2024 12:34 AM IST

തിരുവില്വാമല : തിരുവില്വാമല സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ 2.43 കോടി രൂപ ജീവനക്കാരൻ തട്ടിയെടുത്തതായി പരാതി. ഹെഡ് ക്ലാർക്ക് ചക്കച്ചൻകാട് കോട്ടാട്ടിൽ സുനീഷിനെതിരെ ബാങ്ക് സെക്രട്ടറി വിനോദ് കുമാറാണ് ഇന്നലെ പഴയന്നൂർ പൊലീസിൽ പരാതി നൽകിയത്.

വ്യാജ ഒപ്പും രേഖയുമുണ്ടാക്കി ബന്ധുക്കളുടെയും പരിചയക്കാരുടെയും അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിച്ചെന്നാണ് പരാതി. ബാങ്കിന്റെ പാമ്പാടി, നടുവത്തുപ്പാറ ബ്രാഞ്ചുകളിൽ ഇൻ ചാർജ് ചുമതല വഹിച്ചിരുന്ന സുനീഷിനെ വിശ്വസിച്ച് പണം നിക്ഷേപിച്ച 16 പേരാണ് തട്ടിപ്പിനിരയായത്.

കഴിഞ്ഞ ഡിസംബറിൽ സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. കോൺഗ്രസ് നിയന്ത്രണത്തിലുള്ളതാണ് ബാങ്ക്.

തട്ടിപ്പ് അറിഞ്ഞയുടനെ കാരണം കാണിക്കൽ നോട്ടീസ് നൽകി. മറുപടി തൃപ്തികരമല്ലാത്തതിനാൽ ഇയാളെ ജോലിയിൽ നിന്ന് പുറത്താക്കാൻ ഭരണസമിതി തീരുമാനിച്ചു. പഴയന്നൂർ പൊലീസ് കേസെടുത്തു. മാർച്ച് മൂന്നിന് ഭരണസമിതി തിരഞ്ഞെടുപ്പിനുള്ള പൊതുയോഗം നടക്കാനിരിക്കെയാണ് തട്ടിപ്പ് പുറത്തുവന്നത്.

Advertisement
Advertisement