വൈകുവോളം വേലയെടുത്ത് വലഞ്ഞ് വില്ലേജ് ഓഫീസ് ജീവനക്കാർ

Sunday 04 February 2024 11:51 PM IST

കൊല്ലം: വില്ലേജ് ഓഫീസുകളിൽ മതിയായ ജീവനക്കാരില്ലാത്തതിനാൽ വൈയോളം വേലയെടുത്ത് വലഞ്ഞ് ജീവനക്കാർ. വില്ലേജ് ഓഫീസർ, സ്‌പെഷ്യൽ വില്ലേജ് ഓഫീസർ, വില്ലേജ് അസിസ്റ്റന്റ്, രണ്ട് ഫീൽഡ് അസിസ്റ്റന്റ് എന്നിങ്ങനെ അഞ്ച് ജീവനക്കാർ മാത്രമാണ് ഓരോ വില്ലേജ് ഓഫീസുകളിലും ഉള്ളത്.

അഞ്ച് ജീവനക്കാർ അവധിയെടുക്കാതെ പണിയെടുത്താലും തീർക്കാനാകാത്തത്രയും ജോലിഭാരമാണ് ഇവർക്കുള്ളത്. സംസ്ഥാനത്താകെ 1,666 വില്ലേജ് ഓഫീസുകളാണുള്ളത്. ജില്ലയിൽ ആറ് താലൂക്കുകളിലായി 105 വില്ലേജ് ഓഫീസുകളും. മിക്ക ഓഫീസുകളിലും ജീവനക്കാരുടെ കുറവ് മൂലം നിലവിലുള്ള ഉദ്യോഗസ്ഥർ അധിക സമയം ജോലി ചെയ്യേണ്ട അവസ്ഥയാണ്. ഇത് പലപ്പോഴും മാനസിക സമ്മർദ്ദത്തിനും ഇടയാക്കുന്നുണ്ട്.

പതിനായിരം പേർക്ക് ഒരു വില്ലേജ് ഓഫീസ് എന്ന അനുപാതത്തിലാണ് 1968ൽ വില്ലേജുകൾ രൂപീകരിച്ചത്. ജില്ലയിൽ ജനസംഖ്യ ഇരട്ടിയോളം വർദ്ധിച്ചിട്ടും സ്റ്റാഫ് പാറ്റേണിൽ മാറ്റം വരുത്തിയിട്ടില്ല. അപേക്ഷകൾ തീർപ്പാക്കുന്നതിനൊപ്പം വില്ലേജ് പരിധിയിലെ മറ്റ് കാര്യങ്ങൾ കൂടി ശ്രദ്ധിക്കാൻ കഴിയാത്ത സ്ഥിതിയിലാണ് ജീവനക്കാർ. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരുന്നതോടെ വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം വീണ്ടും താളം തെറ്റും.

പിന്തുടരുന്നത് 1968ലെ സ്റ്റാഫ് പാറ്റേൺ

 ജനസംഖ്യ ഇരട്ടിയായിട്ടും 1968ലെ സ്റ്റാഫ് പാറ്റേണാണ് പിന്തുടരുന്നത്

 നിശ്ചിത ജോലികൾക്ക് പുറമേ നവകേരള സദസിൽ ലഭിച്ച അപേക്ഷകൾ സി.എം.ഒ പോർട്ടലിൽ ഡേറ്റാ എൻട്രി ചെയ്യണം

 നികുതി പിരിവ്, സെൻസസ്, തിരഞ്ഞെടുപ്പ് നടപടികൾ, അപേക്ഷ തീർപ്പാക്കൽ, ദുരന്ത നിവാരണം തുടങ്ങി നിരവധി ജോലികൾ

 നിരന്തരം അധിക ജോലി ചെയ്യുന്നതിനാൽ മാനസിക സമ്മർദ്ദം വർദ്ധിച്ചതായി റിപ്പോർട്ട്

 വർഷത്തിൽ 1700 മണിക്കൂർ ജോലി ചെയ്യണമെന്ന കണക്ക് ഇരട്ടിയോളമായി

 പുറത്തുപോയി പരിശോധന നടത്താൻ വാഹനവുമില്ല

ഓൺലൈൻ സേവനം - 47

ഇ - സർട്ടിഫിക്കറ്റ് - 24

ഡിജിറ്റൽ സിഗ്‌നേച്ചർ വഴിയാണ് അപേക്ഷ അംഗീകരിക്കുന്നത്. ദിവസവും അഞ്ഞൂറിനും ആയിരത്തിനും ഇടയിൽ അപേക്ഷകൾ ലഭിക്കുന്ന വില്ലേജ് ഓഫീസുകൾ ജില്ലയിലുണ്ട്.

വില്ലേജ് ഓഫീസ് ജീവനക്കാർ

Advertisement
Advertisement