കുളിക്കുന്നതിനിടെ പമ്പാനദിയിൽ മുങ്ങിത്താണു അച്ഛനും മകളും ഉൾപ്പടെ  കുടുംബത്തിലെ 3 പേർ മരിച്ചു

Monday 05 February 2024 12:01 AM IST

റാന്നി: പമ്പാനദിയിൽ കുളിക്കുന്നതിനിടെ അച്ഛനും മകളും ഉൾപ്പടെ മൂന്നുപേർ മുങ്ങിമരിച്ചു. റാന്നി പുതുശേരിമല കരിംകുറ്റിയിൽ പുഷ്പമംഗലത്ത് അനിൽ കുമാർ (52), മകൾ നിരഞ്ജന (17), അനിലിന്റെ സഹോദര പുത്രൻ ഗൗതം (17) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അനിലിന്റെ സഹോദരി അനിതയെ കരയിൽ തുണി അലക്കുകയായിരുന്ന രണ്ടു സ്ത്രീകൾ സാരി എറിഞ്ഞുകൊടുത്ത് രക്ഷപ്പെടുത്തി.

ഇന്നലെ വൈകിട്ട് നാലുമണിയോടെ റാന്നി കുട്ടപ്പാറ മുണ്ടപ്പുഴക്കടവിലാണ് അപകടം. കുടിവെള്ളക്ഷാമം രൂക്ഷമായതിനാൽ ആറുകിലോമീറ്ററോളം ദൂരെയുള്ള പുതുശേരിമലയിൽ നിന്ന് ഇവിടെ കുളിക്കാനെത്തിയാതിരുന്നു ഇവർ. ഗൗതമാണ് ആദ്യം മുങ്ങിത്താണത്. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അനിൽകുമാറും മുങ്ങിത്താഴുകയായിരുന്നു. ഇതുകണ്ട് ഇവർക്കരികിലേക്കെത്തിയപ്പോഴാണ് നിരഞ്ജനയും അനിതയും ഒഴുക്കിൽപ്പെട്ടത്. സമീപത്ത് തുണി അലക്കിക്കൊണ്ടിരുന്നവർ നിലവിളികേട്ട് ഒാടിയെത്തി ബെഡ് ഷീറ്റും സാരിയും ഇട്ടുകൊടുത്തെങ്കിലും അനിതയ്ക്ക് മാത്രമാണ് ഇതിൽ പിടിച്ചുകയറാനായത്. നിരഞ്ജനയ്ക്ക് ഇതിൽ പിടിച്ചുകയറാൻ കഴിയുമായിരുന്നെങ്കിലും അനിൽകുമാറിനെ രക്ഷിക്കാൻ മുന്നോട്ടുപോവുകയായിരുന്നു.

റാന്നിയിൽ നിന്നെത്തിയ ഫയർ ഫോഴ്സും പൊലീസും സ്‌കൂബാ ടീമും നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അനിൽകുമാർ പെയിന്റിംഗ് തൊഴിലാളിയാണ്. ഭാര്യ: സലിജ. നിരഞ്ജന ചിറ്റാർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ്. റാന്നി എം.എസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് ഗൗതം. വിവരമറിഞ്ഞ് മന്ത്രി റോഷി അഗസ്റ്റിനും അഡ്വ. പ്രമോദ് നാരായൺ എം.എൽ.എയും ആന്റോ ആന്റണി എം.പിയും സ്ഥലത്തെത്തിയിരുന്നു.

Advertisement
Advertisement