സംസ്ഥാനത്ത് മദ്യത്തിന് വിലകൂടും; ലിറ്ററിന് പത്ത് രൂപ വർദ്ധിക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

Monday 05 February 2024 11:59 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് വിലകൂടുമെന്ന് ബഡ്‌ജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ. ലിറ്ററിന് പത്ത് രൂപയാണ് കൂടുക. ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ എക്‌സൈസ് തീരുവയാണ് ലിറ്ററിന് പത്ത് രൂപ കൂട്ടിയത്. ഗാൽവനേജ് ഫീസിനത്തിൽ 200 കോടി രൂപ സമാഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് വിൽപ്പന നടത്തുന്ന ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് ലിറ്ററിന് 30 രൂപ വരെ ഗാൽവനേജ് ഫീ ചുമത്തുന്നതിന് നിയമം അനുവദിക്കുന്നുണ്ട്. അതാണ് ഇപ്പോൾ ലിറ്ററിന് പത്ത് രൂപയായി നിശ്ചയിച്ചത്. ഇതിലൂടെ 200 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നുവെന്നാണ് മന്ത്രി അറിയിച്ചത്. ബഡ്‌ജറ്റ് പ്രസംഗം ധനമന്ത്രി അൽപ്പസമയം മുമ്പ് അവസാനിപ്പിച്ചു.

മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ

  • കൊച്ചിൻ ഷിപ്പ്യാർഡിന് 500 കോടി
  • 2024ലെ കേരളീയം പരിപാടിക്ക് പത്ത് കോടി
  • വിഴിഞ്ഞത്തെ സ്പെഷ്യൽ ഹബ്ബാക്കും
  • തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളുമായി മുന്നോട്ടുപോകും
  • ഡിജിറ്റൽ സർവകലാശാലയ്ക്ക് 250 കോടി
  • കെ റെയിലുമായി മുന്നോട്ട്
  • കാർഷിക മേഖലയ്‌ക്ക് 1698 കോടി
  • കായിക മേഖലയ്ക്ക് 10,000 തൊഴിലവസരങ്ങൾ
  • വിഷ രഹിത പച്ചക്കറി 78 കോടി
  • ഗ്രാമവികസനം 1868 കോടി
  • ഇക്കോ ടൂറിസം കേന്ദ്രങ്ങൾ മെച്ചപ്പെടുത്തും
  • നാളികേര വികസനം 68 കോടി
  • ലൈഫ് പദ്ധതി 10,000 കോടി
  • കാർഷിക സർവകലാശാല 75 കോടി
  • വിളപരിപാലനത്തിന് 13 കോടി
  • കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കും
  • കേരള ഫീഡ്സിന് 16 കോടി
  • കേരളത്തെക്കുറിച്ച് വീഡിയോയും ഫീച്ചറുകളും മറ്റും തയ്യാറാക്കുന്നവർക്ക് പത്ത് ലക്ഷം രൂപ