മലയാളി ചിരിക്കണോ കരയണോ എന്നറിയാൻ കഴിയാത്ത അവസ്ഥയിലാണ്; ഈ ദശകത്തിലെ ഏറ്റവും വലിയ തമാശയാണ് ബഡ്‌ജറ്റെന്ന് വി മുരളീധരൻ

Monday 05 February 2024 3:45 PM IST

ന്യൂഡൽഹി: സംസ്ഥാന ബഡ്‌ജറ്റ് സമകാലിക യാഥാർത്ഥ്യങ്ങളുമായി ബന്ധമില്ലാത്തതാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഈ ദശകത്തിലെ ഏറ്റവും വലിയ തമാശയാണ് ഈ ബഡ്‌ജറ്റെന്നും, ഇത് കണ്ടിട്ട് മലയാളി ചിരിക്കണോ കരയണോ എന്നറിയാൻ വയ്യാത്ത അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിനെതിരെ കേരളത്തിൽ നിന്ന് സമരം ചെയ്യാൻ പോകുന്ന എംഎൽഎമാരുടെ ആകെ ചെലവ് 50 ലക്ഷം രൂപ വരും. പെൻഷൻ പോലും കൊടുക്കാൻ കഴിയാത്ത സർക്കാർ ഇതുകൂടെ ബഡ്ജറ്റിൽ ഉൾപ്പെടുത്തണമായിരുന്നു. സംസ്ഥാനങ്ങൾ അവരുടെ വിഹിതം ചോദിച്ചാണ് ഡൽഹിയിൽ സമരം ചെയ്യുന്നത്. എന്നാൽ, കേരളം മാത്രമാണ് കടം വാങ്ങാനായി സമരം ചെയ്യുന്നതെന്നും മുരളീധരൻ പരിഹസിച്ചു.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും കേരള ബഡ്ജറ്റിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. 'കേരളത്തിന്റെ പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സർക്കാരിന് ഒരു തരത്തിലും താൽപ്പര്യമില്ല. അതിനായുള്ള പ്രായോഗിക നടപടികൾ മുന്നോട്ടുവയ്‌ക്കുന്ന ബഡ്‌ജറ്റല്ല ഇത്. കേരളത്തിലെ കർഷകരെ സഹായിക്കാനുള്ള നടപടികൾ ബഡ്‌ജറ്റിലില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേരളത്തിന്റെ ധനകാര്യ മിസ്‌മാനേജ്‌മെന്റാണ്. കേരളം കടമെടുത്ത് ധൂർത്തടിക്കുന്നു. കഴിഞ്ഞ കാലങ്ങളിൽ ബഡ്‌ജറ്റിൽ കിഫ്‌ബിയെക്കുറിച്ച് വലിയ വാചകങ്ങളായിരുന്നു. ഇത്തവണ രണ്ടുവാചകത്തിൽ ഒതുക്കി. കിഫ്ബിയൊരു വൻ തട്ടിപ്പായിരുന്നു എന്ന ആക്ഷേപം ശരിവയ്‌ക്കുന്ന നടപടികളാണ് ഉണ്ടായിരിക്കുന്നത്.' - കെ സുരേന്ദ്രൻ പറഞ്ഞു.