തൊഴിൽ തട്ടിപ്പ് ഭീഷണിയിൽ പ്രവാസികൾ; കടുത്ത നടപടിയുമായി യുഎഇ, പണികിട്ടിയത് 55 സ്ഥാപനങ്ങൾക്ക്

Tuesday 06 February 2024 6:03 PM IST

അബുദാബി: അനധികൃതമായി റിക്രൂട്ട്‌മെന്റ് നടത്തിയ സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടിയുമായി യുഎഇ. സർക്കാരിൽ നിന്ന് അനുമതി വാങ്ങാതെ കഴിഞ്ഞവർഷം റിക്രൂട്ട്‌മെന്റ് നടത്തിയ 55 സ്ഥാപനങ്ങൾക്കെതിരെയാണ് മാനവ വിഭവശേഷി, എമിറേറ്റിസേഷൻ മന്ത്രാലയം നടപടി സ്വീകരിച്ചത്. ഇവയിൽ അഞ്ച് സമൂഹമാദ്ധ്യമ അക്കൗണ്ടുകളും ഉൾപ്പെടുന്നു.

നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും മന്ത്രാലയത്തിന്റെ റെക്കാഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ ബ്ളോക്ക് ചെയ്തു. ചില സ്ഥാപനങ്ങളെ പൊതുവിചാരണയ്ക്ക് വിധേയമാക്കിയെന്നും മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതും താൽക്കാലികമായി ജോലിക്ക് നിയമിക്കുന്നതും രാജ്യത്ത് നിയമവരുദ്ധമാണ്. നിയമം ലംഘിക്കുന്നവർക്ക് ഒരു വർഷത്തിൽ കുറയാത്ത തടവും രണ്ടുലക്ഷം ദിർഹം മുതൽ ഒരു ദശലക്ഷം ദിർഹം വരെ പിഴയും ലഭിക്കും.

സമൂഹമാദ്ധ്യമങ്ങളിലും മറ്റ് പ്ളാറ്റ്‌ഫോമുകളിലും എത്തുന്ന പരസ്യങ്ങൾ, ക്യാമ്പെയിനുകൾ എന്നിവ കണ്ടെത്തിയാണ് മന്ത്രാലം തൊഴിൽ തട്ടിപ്പുകാരെ പിടികൂടുന്നതെന്ന് മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി ഖലീൽ അൽ ഖൂരി പറഞ്ഞു. ശരിയായ ലൈസൻസില്ലാതെ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി തെളിയുന്ന കമ്പനികൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുകയും പിഴ ചുമത്തുകയും ചെയ്യും.

സംശയാസ്‌പദമായി പ്രവർത്തിക്കുന്ന കമ്പനികളിൽ പരിശോധന നടത്തി ആവശ്യമെങ്കിൽ പൊതുവിചാരണയ്ക്ക് നിർദേശിക്കും. തട്ടിപ്പിന് ഇരയാകുന്നത് ഒഴിവാക്കാൻ പ്രവാസികളും യുഎഇ നിവാസികളും ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപായി സ്ഥാപനത്തിന് ലൈസൻസ് ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും ഖലീൽ അൽ ഖൂരി വ്യക്തമാക്കി. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മന്ത്രാലയത്തിന്റെ കോൾ സെന്ററിൽ അറിയിക്കുകയോ മന്ത്രാലയത്തിന്റെ സ്‌മാർട്ട് ആപ്ളിക്കേഷനിലൂടെ പരാതിപ്പെടുകയോ ചെയ്യാം.

Advertisement
Advertisement