സർക്കാർ അവഗണന: മാവേലി സ്റ്റോറുകൾ പൂട്ടാൻ സപ്ലൈകോ

Wednesday 07 February 2024 4:38 AM IST

തിരുവനന്തപുരം: ബഡ്ജറ്റ് പ്രതീക്ഷകളും അസ്ഥാനത്തായതോടെ കടുത്ത നടപടികളിലേക്ക് സപ്ലൈകോ. വിൽപന തീരെ കുറവുള്ള ഔട്ട്‌ലൈറ്റുകൾ അടച്ചുപൂട്ടാനാണ് തീരുമാനം.

സർക്കാർ നൽകാനുള്ള പണം പോലും കിട്ടാതായതോടെ സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ബോർഡ് യോഗം കൂടിയാണ് വിൽപ്പന കുറവായ മാവേലി സ്റ്റോറുകൾ പൂട്ടാൻ തീരുമാനിച്ചത്. ഇക്കാര്യം ഭക്ഷ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്. ഓരോ മാവേലിസ്റ്റോറിന്റേയും കണക്കെടുക്കുയാണ്. പത്തു കോടി വരെ പ്രതിദിന വിറ്റുവരവ് നടന്ന സപ്ലൈകോ

ഔട്ട് ലെറ്റുകളിൽ ഇപ്പോൾ 2- 2.25 കോടിയുടെ കച്ചവടമാണ് നടക്കുന്നത്. ആകെ 1630 ഔട്ട് ലെകളാണുള്ളത്.

സൂപ്പർ മാർക്കറ്റുകൾ പുതിയതായി ആരംഭിക്കുന്നതോടൊപ്പം മാളുകളിൽ ഔട്ട് ലെറ്റുകൾ തുടങ്ങാനും സപ്ലൈകോയ്ക്ക് പദ്ധതിയുണ്ട്.

സംസ്ഥാന ബഡ്ജറ്റിൽ സപ്ലൈകോ 10 കോടി മാത്രമാണ് അനുവദിച്ചത്. അവഗണനയ്ക്കെതിരെ കടുത്ത അതൃപ്തിയുമായി ഭക്ഷ്യ മന്ത്രി ജിആർ അനിൽ രംഗത്തെത്തിയിരുന്നു. ബ‌ഡ്ജറ്റിൽ കുടിശ്ശിക തീർക്കാൻ സഹായം ഇല്ലാത്തതും മന്ത്രിയെ ചൊടിപ്പിച്ചു. .സപ്ലൈക്കോയ്ക്ക് പണം അനുവദിക്കാത്തതിൽ നേരത്തെ മന്ത്രിസഭാ യോഗത്തിലും ജി.ആർ.അനിൽ പരാതി പറഞ്ഞിരുന്നു. ഇന്നലെ ഡൽഹിയിലെത്തിയ ജി.ആർ.അനിൽ ഇന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി ചർച്ച നടത്തും. കൂടുതൽ റേഷൻ അരി വിഹിതം നേടിയെടുക്കുകയാണ് ലക്ഷ്യം