എയർബാഗ് പ്രവർത്തിച്ചില്ല; കാർ വില തിരിച്ചു നൽകാൻ ഉത്തരവ്

Wednesday 07 February 2024 4:43 AM IST

മലപ്പുറം: കാർ അപകടത്തിൽപെട്ടപ്പോൾ എയർബാഗ് പ്രവർത്തിക്കാത്തതുമൂലം യാത്രക്കാരന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ, നിർമ്മാണത്തിലെ പിഴവ് വിലയിരുത്തി വാഹന വില തിരികെ നൽകാൻ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മിഷൻ ഉത്തരവ്. കാറിന്റെ വിലയായ 4.35 ലക്ഷം രൂപ തിരിച്ചു നൽകാനാണ് കാർ നിർമ്മാണ കമ്പനിക്ക് നിർദ്ദേശം നൽകിയത്. കോടതിച്ചെലവായി 20,000 രൂപയും നൽകണം.

ഒരു മാസത്തിനകം ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ഒമ്പത് ശതമാനം പലിശ നൽകണമെന്നും കെ.മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി.മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മിഷന്റെ ഉത്തരവിൽ പറയുന്നു. ഇന്ത്യനൂർ സ്വദേശി മുഹമ്മദ് മുസ്‌‌ല്യാർ നൽകിയ പരാതിയിലാണിത്. 2021 ജൂൺ 30ന് പരാതിക്കാരന്റെ വാഹനം തിരൂരിൽ അപകടത്തിൽപ്പെട്ടു. മുഹമ്മദിന് ഗുരുതര പരിക്കേറ്റു. വാഹനത്തിനും തകരാറ് പറ്റി. എയർ ബാഗ് പ്രവർത്തിക്കാത്തതിനാലാണ് ഗുരുതര പരിക്കേറ്റതെന്നും ഇത് വാഹന നിർമ്മാണത്തിലെ പിഴവു കാരണമാണെന്നും ആരോപിച്ചാണ് ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്.

എയർ ബാഗ് പ്രവർത്തിച്ചിരുന്നില്ലെന്നും പ്രവർത്തിക്കാൻതക്ക ആഘാതമുള്ളതായിരുന്നു അപകടമെന്നും മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറും റിപ്പോർട്ട് ചെയ്തു. തുടർന്നാണ് വാഹനത്തിന് നിർമ്മാണ പിഴവുണ്ടായിരുന്നുവെന്ന് വിലയിരുത്തി കമ്മിഷന്റെ ഉത്തരവ്.