29 രൂപയ്ക്ക് ഭാരത് അരി , റേഷൻ കാർഡ് വേണ്ട, 200 ഔട്ട്ലെറ്റുകൾ കേരളത്തിൽ, ഓൺലൈനായും വാങ്ങാം

Wednesday 07 February 2024 4:03 AM IST

തിരുവനന്തപുരം: പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ,​ സാധാരണക്കാരെ ഒപ്പം നിറുത്താൻ 29 രൂപയ്ക്ക് 'ഭാരത് റൈസ് " എല്ലാ സംസ്ഥാനങ്ങളിലും എത്തിച്ച് കേന്ദ്ര സർക്കാർ. കേരളത്തിനുള്ള ആദ്യ ലോഡ് ഇന്നലെ എത്തി. വില്പന ഉടൻ.

നാഷണൽ അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ (നാഫെഡ്), നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ (എൻ.സി.സി.എഫ്), കേന്ദ്രീയ ഭണ്ഡാർ ഔട്ട്‌ലെറ്റുകൾ എന്നിവ വഴിയാണ് വില്പന. അഞ്ച്, പത്ത് കിലോ പായ്ക്കറ്റുകളിലാകും ലഭിക്കുക.

സംസ്ഥാനത്ത് 200 ഔട്ട്ലെറ്റുകൾ എൻ.സി.സി.എഫ് ഉടൻ തുറക്കും. രജിസ്റ്റർ ചെയ്തിട്ടുള്ള സൊസൈറ്റികൾ,​സ്വകാര്യ സംരംഭകർ മുഖേനയും വില്പന നടത്തുമെന്ന് എൻ.സി.സി.എഫ് കൊച്ചി മാനേജർ സി.കെ.രാജൻ പറഞ്ഞു. ഓൺലൈൻ വ്യാപാര സൗകര്യവും ഒരുക്കും. എഫ്.സി.ഐയിൽ നിന്നാണ് അരി ശേഖരിക്കുന്നത്. പൊതുവിപണിയിൽ അരി വില കത്തിക്കയറുകയും ആശ്വാസമാകേണ്ട സപ്ലൈകോ കാഴ്ചക്കാരാവുകയും ചെയ്ത സാഹചര്യത്തിൽ കേന്ദ്ര നടപടി വലിയ ആശ്വാസമാകും. സപ്ലൈകോ 25 രൂപയ്ക്കാണ് അരി നൽകിയിരുന്നത്. പക്ഷേ,​ സബ്സിഡിത്തുക സർക്കാർ നൽകാതായതോടെ കച്ചവടം നിലച്ചിട്ട് മാസം അഞ്ചായി. സപ്ളൈകോ സബ്സിഡി സാധന വില കൂട്ടാനുള്ള റിപ്പോർട്ട് സർക്കാരിനു മുന്നിലുണ്ടെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞാവും നടപ്പാക്കുക.

ഭാരത് റൈസ് വാഹനത്തിന്റെ കേരളത്തിലെ ഫ്ലാഗ് ഓഫ് ഇന്നലെ തൃശൂരിലായിരുന്നു. രാജ്യത്ത് അരിയുടെ ശരാശരി ചില്ലറവില്പന വില കിലോയ്ക്ക് 43.5 രൂപയാണ്. മുൻവർഷത്തെക്കാൾ 14.1 ശതമാനം അധികം.

റേഷൻകാർഡ് വേണ്ട,​

ഒറ്റത്തവണ 10 കിലോ

 ഭാരത് അരി വാങ്ങാൻ റേഷൻ കാർഡ് വേണ്ട

 പത്തു കിലോ വരെ ഒറ്റതവണ വാങ്ങാം

 ഇന്നലെ എത്തിച്ചത് ഗുണമേന്മയുള്ള പച്ചരി

വരും ദിസങ്ങളിൽ മറ്റ് ഇനങ്ങളും എത്തിക്കും

വോട്ടിന് കൂട്ട്

1. സൗജന്യ ഭക്ഷ്യക്കിറ്റ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മുഖ്യ പ്രചാരണായുധമാക്കി

2. മുൻഗണനാ കാർഡുടമകൾക്ക് നൽകിയ സൗജന്യ അരിയും കടലയുമായിരുന്നു എൻ.ഡി.എയുടെ മറുപടി

3. പൊതു തിരഞ്ഞെടുപ്പിന് മുമ്പ് ഭാരത് റൈസ് ഹിറ്റാക്കിയാൽ വോട്ടാകുമെന്ന് ഇത്തവണ കണക്കുകൂട്ടുന്നു

പായ്ക്കറ്റ് അരി വില 70

പായ്ക്കു ചെയ്ത പുഴുക്കലരിക്ക് സംസ്ഥാനത്ത് 60 മുതൽ 70 രൂപവരെയായി. മൊത്ത വിപണിയെ അപേക്ഷിച്ച് രണ്ടു മുതൽ അഞ്ചു രൂപ വരെ ചില്ലറ വിപണിയിൽ വില കൂടും.

അരി വില

(ചാല മൊത്ത വിപണി )

സോണാ മസൂരി- 52- 61

മട്ട വടി------------ 48- 52

മട്ട ഉണ്ട------------- 40-44

സുരേഖ------------- 43- 47

ഡൊപ്പി --------------- 44- 46

ആന്ധ്ര അരി -------- 39- 42