എൽ.ഡി.എഫിൽ ലോക്‌സഭ സീറ്റ് ധാരണ, സി.പി.എമ്മിന് ഒന്ന് കുറഞ്ഞു

Wednesday 07 February 2024 4:31 AM IST

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയിൽ സീറ്റ് വിഭജനം പൂർത്തിയായി. സി.പി.എം 15 സീറ്റിലും, സി.പി.ഐ നാല് സീറ്റിലും മത്സരിക്കും. ഒരു സീറ്റ് കേരള കോൺഗ്രസ്- എമ്മിനാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് മുന്നണിയിലെത്തിയ കേരളകോൺഗ്രസ് മാണി വിഭാഗം തങ്ങളുടെ സിറ്റിംഗ് സീറ്റായ കോട്ടയത്തിനു പുറമേ ഒരു സീറ്റ് കൂടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഉഭയകക്ഷി ചർച്ചയിൽ ആവശ്യം അംഗീകരിച്ചില്ല. ഇതുവരെ 16 സീറ്റുകളിലായിരുന്നു സി.പി.എം മത്സരിച്ചിരുന്നത്. കോട്ടയം സീറ്റ് കേരള കോൺഗ്രസിന് കൈമാറിയതോടെ അത് 15 ആയി. 10നു ചേരുന്ന എൽ.ഡി.എഫ് യോഗശേഷം തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും.10ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും 11,12 തീയതികളിൽ സംസ്ഥാന കമ്മിറ്റി യോഗവും ചേരുന്നുണ്ട്. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച പ്രാഥമിക ചർച്ചകൾ യോഗത്തിൽ നടന്നേക്കും. 9ന് സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവും 10,11 തീയ്യതികളിൽ സംസ്ഥാന കൗൺസിലും യോഗം ചേരും. നാല് മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച ചർച്ചകളാവും യോഗത്തിൽ നടക്കുക.