അന്വേഷണം കെ എസ് ഐ ഡി സിയിൽ; എസ് എഫ് ഐ ഒ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ പരിശോധന

Wednesday 07 February 2024 2:29 PM IST

തിരുവനന്തപുരം: വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ ആസ്ഥാനത്ത് (കെ എസ് ഐ ഡി സി) യിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ (എസ്.എഫ്.ഐ.ഒ) ടീം പരിശോധന നടത്തുന്നു. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ മാസപ്പടി കേസിലാണ് പരിശോധന നടത്തുന്നത്.

എസ് എഫ് ഐ ഒ ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്റെ നേതൃത്വത്തിലാണ് പരിശോധന. വീണയുടെ എക്സാലോജിക് കമ്പനിയിലേക്കാണ് അന്വേഷണം നീളുന്നത്. ഈ കമ്പനി നിലവിൽ പ്രവർത്തിക്കുന്നില്ല. അത് പൂട്ടിക്കെട്ടുന്നതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് കടന്നത് നിയമപരമാണോ എന്നതടക്കം പരിശോധിക്കും.

കരിമണൽ കമ്പനിയായ സി എം ആർ എല്ലിന്റെ ഉടമസ്ഥർ ഉൾപ്പെട്ട ധനകാര്യ സ്ഥാപനത്തിന്റെ മറവിൽ വീണ വിജയന് ലോൺ എന്ന നിലയിൽ പണം നൽകിയിട്ടുണ്ട്. ഇത് തിരിച്ചടച്ചോ, എന്ത് ഈടാണ് നൽകിയതെന്നടക്കമുള്ള കാര്യങ്ങൾ എസ് എഫ് ഐ ഒ പരിശോധിക്കും.

സി എം ആർ എല്ലിന്റെ ആലുവ കോർപറേറ്റ് ഓഫീസിൽ നേരത്തെ എസ്‌ എഫ്‌ ഐ ഒ പരിശോധന നടത്തിയിരുന്നു. കോർപ്പറേറ്റ് മന്ത്രാലയത്തിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥർ അടങ്ങിയ ആറംഗ സംഘത്തിനാണ് അന്വേഷണ ചുമതല. എം അരുൺ പ്രസാദിനെ കൂടാതെ അഡീഷണൽ ഡയറക്ടർ പ്രസാദ് അദല്ലി, കെ പ്രഭു, എ ഗോകുൽനാഥ്, കെ എം എസ് നാരായണൻ, വരുൺ ബി എസ് എന്നിവരാണ് സംഘത്തിലുള്ളത്.