'വിഷമിക്കാൻ അനുവദിച്ചിട്ടില്ല, സംഘം ഞങ്ങൾക്കൊരു ധൈര്യമാണ്, നാളെ എനിക്കെന്തെങ്കിലും സംഭവിച്ചാലും എന്റെ മക്കളെ അവർ കൈവിടില്ല'

Wednesday 07 February 2024 2:58 PM IST

ആലപ്പുഴ: രൺജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിന് ശേഷം കുടുംബത്തിന്റെ എല്ലാ കാര്യത്തിനും താങ്ങായി നിൽക്കുന്നത് സംഘവും ബിജെപിയുമാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ അഡ്വ. ലിഷ രൺജിത്ത്. ഭക്ഷണം കഴിച്ചോ എന്നുപോലും ചോദിക്കാൻ ഒരു ബന്ധുക്കളോ അയൽക്കാരോ ഇല്ലാതിരുന്നിട്ടും സംഘ പ്രവർത്തകരായ സഹോദരന്മാർ ഒപ്പം നിന്നുവെന്നും ലിഷ ഒരു അഭിമുഖത്തിൽ പറയുന്നു.

'ഏട്ടൻ വിശ്വസിച്ച പ്രസ്ഥാനം ഞങ്ങൾക്കൊപ്പം നിന്നു. സാധാരണ ഓണം, വിഷു തുടങ്ങി എല്ലാ ദിവസവും ഞങ്ങൾ വലിയ രീതിയിലാണ് ആഘോഷിച്ചിരുന്നത്. വിഷുക്കണി വയ്‌ക്കും, രണ്ട് കൂട്ടം പായസമുണ്ടാകും. അദ്ദേഹം പോയതോടെ ഞങ്ങളുടെ എല്ലാ ആഘോഷവും അവസാനിച്ചു. വിഷുവിന് കുട്ടികളെ കണി കാണിക്കാൻ വിളിച്ചുണർത്തുന്നതും എല്ലാത്തിനും മുന്നിൽ നിൽക്കുന്നതുമെല്ലാം ഏട്ടനായിരുന്നു.അദ്ദേഹം മരിച്ച ശേഷം വന്ന ആദ്യ വിഷുവിന് ഞങ്ങൾ കഞ്ഞിയും ചമ്മന്തിയുമാണ് വച്ചത്. അന്ന് പ്രചാരകന്മാർ വീട്ടിൽ വന്ന് ഞങ്ങൾക്കൊപ്പമാണ് ഭക്ഷണം കഴിച്ചത്. അങ്ങനെയും കുറച്ച് സഹോദരന്മാരുണ്ട്. ഓരോ വിശേഷ ദിവസങ്ങൾ വരുമ്പോഴും അവർ വീട്ടിലെത്തും. ഞങ്ങളെ അവർ വിഷമിക്കാൻ അനുവദിച്ചിട്ടില്ല. സംഘത്തിലും ബിജെപിയിലും ഉള്ളവർ എത്തി കുഞ്ഞുങ്ങൾക്ക് മിഠായി വാങ്ങി നൽകും. കുഞ്ഞുങ്ങൾക്ക് ഓണക്കോടി വാങ്ങിയോ എന്ന് ചോദിക്കാൻ ഒരു ബന്ധുക്കളും അയൽവാസികളും ഉണ്ടായിരുന്നില്ല സംഘം മാത്രമാണ് ഞങ്ങൾക്കൊപ്പം നിന്നത്.'

'അമ്മയ്‌ക്കും കുഞ്ഞുങ്ങൾക്കും ഓണക്കോടിയുമായി അവരെത്തി. അവരോടൊപ്പം ഒരുപാട് സമയം സംസാരിച്ച ശേഷമാണ് അവർ മടങ്ങിയത്. കേസിനെപ്പറ്രിയോ ഒന്നും അവർ പറയാറില്ല, ഞങ്ങളെ അതോർക്കാൻ അനുവദിക്കില്ല. കുട്ടികളുമായി എന്തെങ്കിലും തമാശ പറഞ്ഞിരിക്കും. മോളുടെ റിസൾട്ട് വന്നപ്പോഴും അവരോടിയെത്തി. മോളുടെ അരങ്ങേറ്റത്തിന്റെ സമയത്തും ക്ഷേത്രത്തിലെ എല്ലാ കാര്യങ്ങളും ഒരുക്കിയത് അവരായിരുന്നു. പണ്ട് ഏട്ടനെന്നോട് പറഞ്ഞിട്ടുണ്ട്, കുന്നുംപുറം കുടുംബത്തിലെ അംഗമായിട്ടല്ല സംഘകുടുംബത്തിലെ അംഗമായിട്ടാണ് നിന്നെ ഇവിടെ വിവാഹം കഴിച്ച് കൊണ്ടുവന്നതെന്ന്. അത് അന്വർത്ഥമായി ഇപ്പോൾ. മോൾ ഐസിയുവിൽ ആയിരുന്നു അപ്പോൾ ഇളയ കുഞ്ഞിനെ സ്കൂളിൽ നിന്ന് വിളിച്ചുകൊണ്ടുവരാനും ധൈര്യം തരാനും അവരേ ഉണ്ടായിരുന്നുള്ളു. അനിയൻ ബംഗളൂരുവിലാണ്. എപ്പോഴും അവന് ഓടിയെത്താൻ കഴിയില്ല. സംഘം ഞങ്ങൾക്കൊരു ധൈര്യമാണ്. നാളെ എനിക്കെന്തെങ്കിലും സംഭവിച്ചാലും എന്റെ മക്കളെ അവർ കൈവിടില്ല.'

'ഇപ്പോഴും രാവിലെ ഉറക്കമുണർന്നാൽ അമ്മ ആദ്യം എന്റെ മോൻ എന്നുപറഞ്ഞ് വിങ്ങിപ്പൊട്ടും. രണ്ട് വർഷത്തോളം പൊലീസുകാർ വീട്ടിലുണ്ടായിരുന്നു. അവരായിരുന്നു അമ്മയുടെ ആശ്വാസം. അവർ അമ്മയെ ഭക്ഷണം കഴിപ്പിക്കും. കഴിക്കാതിരുന്നാൽ അവർ വാങ്ങിക്കൊടുക്കും അല്ലെങ്കിൽ അവരുടെ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണം കൊടുക്കുമായിരുന്നു. പക്ഷേ അയൽവാസികളൊന്നും ഏട്ടൻ പോയ ശേഷം ഞങ്ങളോട് ഒരുവാക്ക് ചോദിക്കാൻ പോലും വന്നിട്ടില്ല. ഭയം കൊണ്ടാവും എന്നാണ് ഞങ്ങൾ വിചാരിക്കുന്നത്. അല്ലാതെ ഞങ്ങളാർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല. എത്രകാലം ഇങ്ങനെ മുന്നോട്ടുപോകാനാവും എന്നറിയില്ല. എനിക്ക് ജീവനുള്ള കാലം വരെ അമ്മയെയും മക്കളെയും ഞാൻ ചേർത്തുപിടിക്കും. കേസിൽ വിധി വന്ന ദിവസം മാത്രമാണ് അമ്മ വയറ് നിറയെ ഭക്ഷണം കഴിച്ചത്.'- ലിഷ പറഞ്ഞു.

Advertisement
Advertisement