ഞാനൊരു പത്തെണ്ണം തരട്ടെ; റെയിൽവേ സ്റ്റേഷൻ മാസ്റ്റർക്ക് ചട്ടികൾ നൽകി സുരേഷ് ഗോപി, ഒപ്പം എങ്ങനെ ഉപയോഗിക്കണമെന്ന് നിർദേശവും നൽകി
തൃശൂർ: ബാങ്ക് വായ്പ നിഷേധിച്ചതിനെത്തുടർന്ന് ജീവനൊടുക്കിയ കെ ജി പ്രസാദിന്റെ കുടുംബത്തിനടക്കം നിരവധി പേർക്ക് സഹായം ചെയ്ത വ്യക്തിയാണ് നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപി. ഇത്തരത്തിലുള്ള സഹായം മനുഷ്യരോട് മാത്രമല്ല, പക്ഷികളോടുമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് അദ്ദേഹമിപ്പോൾ.
പക്ഷികൾക്ക് ദാഹജലം കുടിക്കാനായി പത്ത് ചട്ടികൾ റെയിൽവേ സ്റ്റേഷന് നൽകിയിരിക്കുകയാണ് അദ്ദേഹം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഏത് റെയിൽവേ സ്റ്റേഷനാണെന്ന് വ്യക്തമല്ല. ചട്ടികൾ തൃശൂർ സ്റ്റേഷനിലും കൊടുക്കാമെന്നും പറയുന്നുണ്ട്. ചട്ടികൾ നൽകുന്നതിനൊപ്പം അതെങ്ങനെ വയ്ക്കണമെന്നും അദ്ദേഹം സ്റ്റേഷൻ മാസ്റ്ററോട് പറഞ്ഞുകൊടുക്കുന്നുണ്ട്.
കേരളത്തിലെ പല മണ്ഡലങ്ങളും ബി ജെ പിക്കൊപ്പം വരുമെന്ന് അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു. ആരെ കുറിച്ചും ആരോപണങ്ങളില്ല. ഇങ്ങോട്ട് സ്‌നേഹിച്ചാൽ അങ്ങോട്ടും സ്‌നേഹിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനം രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിലുള്ള കർമ്മമായിരുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു. ലോക്‌സഭാ തിരഞ്ഞടുപ്പിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ സുരേഷ് ഗോപിക്കായി ബി ജെ പി പ്രചാരണം തുടങ്ങിയിരിക്കുകയാണ്. ബൂത്ത് തല യോഗങ്ങൾക്ക് കഴിഞ്ഞ ദിവസം തുടക്കമായി.