'ഇങ്ങനെയാണ് സാര്‍ ഇവിടെ പലതും നടക്കുന്നത്', നാട്ടുകാരുടെ പരാതിയില്‍ ഉദ്യോഗസ്ഥരെ തെറിപ്പിച്ച് മന്ത്രി റിയാസ്

Wednesday 07 February 2024 7:06 PM IST

തിരുവനന്തപുരം: റോഡ് നിര്‍മാണത്തില്‍ അപാകത കണ്ടെത്തിയതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. തിരുവനന്തപുരം ജില്ലയിലെ വെമ്പായം - ചീരാണിക്കര റോഡ് നിര്‍മ്മാണതത്തിലാണ് ഗുരുതരമായ വീഴ്ച കണ്ടെത്തിയത്. ഓവര്‍സിയര്‍ മുഹമ്മദ് രാജി, അസിസ്റ്റന്റ് എന്‍ജിനീയര്‍ അമല്‍രാജ് എന്നിവര്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു എന്‍ജിനീയര്‍ സജിത്തിനെ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലംമാറ്റുകയും ചെയ്തു. ഇതിന് പുറമേ കരാറുകാരന്‍ സുമേഷ് മോഹന്റെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു.

വെമ്പായം - ചീരാണിക്കര റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിന് തൊട്ടുപിന്നാലെ പൊട്ടിപ്പൊളിഞ്ഞിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയ നാട്ടുകാര്‍ വകുപ്പ് മന്ത്രിക്ക് ചിത്രങ്ങള്‍ സഹിതം അയച്ചു നല്‍കിയാണ് പരാതി സമര്‍പ്പിച്ചത്. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പിലെ വിജിലന്‍സ് വിഭാഗത്തിന് അന്വേഷണം കൈമാറി. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്കും കരാറുകാരനുമെതിരെ മന്ത്രി നടപടി സ്വീകരിച്ചത്.

മണ്ണും ചെളിയും ഒന്നും നീക്കം ചെയ്യാതെയും നിലം ഉറപ്പിക്കാതെയുമാണ് ടാര്‍ ചെയ്തതെന്നാണ് തെളിവായി വീഡിയോ സഹിതം പുറത്തുവിട്ട് നാട്ടുകാര്‍ ആരോപിച്ചത്. റോഡിലെ ടാറിംഗ് പല ക്ഷണങ്ങളായി അടര്‍ന്ന് പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ഇത് സമൂഹ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. അടിയിലെ മണ്ണ് നീങ്ങി ടാറിംഗ് തകരുന്ന സ്ഥിതിയാണുണ്ടായിരുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.