ട്രോളിംഗ് നിരോധനം ആശങ്കവേണ്ട: കരിക്കാടി ചെമ്മീൻ വിളയും

Wednesday 07 February 2024 8:17 PM IST

കൊച്ചി: ട്രോളിംഗ് നിരോധന കാലത്ത് കരിക്കാടി ചെമ്മീൻ സമ്പത്ത് ഇല്ലാതാകുമെന്ന ആശങ്ക വേണ്ട.

മൺസൂൺ കാലത്തെ ട്രോളിംഗ് നിരോധനം കരിക്കാടി ചെമ്മീൻ സമ്പത്തിന്റെ സുസ്ഥിര വളർച്ചയ്ക്ക് ഗുണകരമാണെന്ന് സി.എം.എഫ്.ആർ.ഐ പഠനം കണ്ടെത്തി.

ട്രോളിംഗ് നിരോധനം കാരണം ‌പിടിക്കാൻ കഴിയാതെപോകുന്ന കരിക്കാടി ചെമ്മീൻ സമ്പത്ത് തീരക്കടലിൽ നിന്ന് ആഴക്കടലിലേക്ക് നീങ്ങുന്നതിനാൽ ഇവ എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്ന മത്സ്യത്തൊഴിലാളികളുടെ ആശങ്കയുടെ അടിസ്ഥാനത്തിലാണ് പഠനം. നിരോധനം നടപ്പിലാക്കിയതിനെ തുടർന്നുണ്ടായ ലഭ്യതയിലെ ഏറ്റക്കുറച്ചിലുകളാണ് ഈ ധാരണയ്ക്ക് കാരണമായത്. ഉപ്പിന്റെ അളവ് കൂടുതലുള്ള ആഴക്കടലിലേക്ക് കരിക്കാടി ചെമ്മീൻ നീങ്ങുന്നുണ്ടെന്ന് കണ്ടെത്തിയെങ്കിലും ട്രോളിംഗ് നിരോധനം കഴിഞ്ഞയുടൻ 50 മുതൽ 100 മീറ്റർ വരെ ആഴത്തിൽ നിന്ന് ഈ ചെമ്മീൻ പിടിക്കാൻ സാധിക്കുമെന്ന് റീജിയണൽ സ്റ്റഡീസ് ഇൻ മറൈൻ സയൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

പ്രജനനത്തെ സഹായിക്കും
മൺസൂൺ കാലങ്ങളിൽ തീരക്കടലിൽ വളരെ ചെറിയ ഇനം ചെമ്മീനുകളാണ് കാണപ്പെടുന്നത്. ഇക്കാലയളവിൽ മത്സ്യബന്ധനം നിയന്ത്രിക്കുന്നതിലൂടെ അവയുടെ പ്രജനനം തുടരാനും കൂടുതൽ അളവിലും വലിപ്പത്തിലും വളർച്ച കൈവരിക്കാനുമാകും. ട്രോളിംഗ് നിരോധന ശേഷമുള്ള ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ 50 മുതൽ 100 മീറ്റർ വരെ ആഴത്തിൽ നിന്ന് നല്ല വളർച്ച നേടിയ കരിക്കാടി ചെമ്മീൻ പിടിക്കാവുന്നതാണ്. മഴക്കാലത്ത് തീരക്കടലിൽ ഉപ്പിന്റെ അംശം കുറയുന്നതുമൂലമാണ് ഇവ ആഴക്കടലിലേക്ക് മാറുന്നത്. പിന്നീട് ഉപ്പിന്റെ അളവ് അനുകൂലമാകുന്നതോടെ വലിയൊരു വിഭാഗം കരിക്കാടി ചെമ്മീൻ സമ്പത്ത് തീരക്കടലുകളിലേക്ക് തിരിച്ചെത്തുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.

മത്സ്യത്തൊഴിലാളികൾ പ്രകടിപ്പിച്ച ആശങ്കയുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്. കരിക്കാടി ചെമ്മീനിന്റെ കടലിലെ സഞ്ചാരവും ഏതൊക്കെ പാരിസ്ഥിതികഘടകങ്ങളാണ് അവയെ സ്വാധീനിക്കുന്നതെന്നും മാപ്പിംഗിലൂടെ ശാസ്ത്രീയമായി കണ്ടെത്താൻ പഠനം സഹായിച്ചു

ഡോ. എ.പി. ദിനേശ് ബാബു

മേധാവി

സി.എം.എഫ്.ആർ.ഐ ഷെൽഫിഷ് ഫിഷറീസ് ഡിവിഷൻ

Advertisement
Advertisement