കാത്തിരിപ്പ് നീളും, ഇംഗ്ലണ്ടിനെതിരായ അടുത്ത രണ്ട് മത്സരങ്ങള്‍ക്കും കോഹ്ലി മടങ്ങിവരില്ലെന്ന് റിപ്പോര്‍ട്ട്

Wednesday 07 February 2024 9:51 PM IST

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ അടുത്ത രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ടീമിലേക്ക് മുന്‍ നായകന്‍ വിരാട് കോഹ്ലി മടങ്ങി വന്നേക്കില്ലെന്ന് സൂചന. വ്യക്തിപരമായ കാരണങ്ങളാല്‍ ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് അവധിയെടുത്ത കോലി കുടുംബത്തോടൊപ്പമാണ് ഇപ്പോഴുള്ളത്. ഹൈദരാബാദിലും വിശാഖപട്ടണത്തും കളിക്കാതിരുന്ന കോഹ്ലി രാജ്‌കോട്ടിലെ മൂന്നാം ടെസ്റ്റിലൂടെ മടങ്ങിവരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്.

രാജ്‌കോട്ടില്‍ ഫെബ്രുവരി 15നാണ് പരമ്പരയിലെ മൂന്നാം മത്സരം ആരംഭിക്കുക. റാഞ്ചിയില്‍ 23ന് നാലാം ടെസ്റ്റും മാര്‍ച്ച് ഏഴിന് റാഞ്ചിയില്‍ അവസാന ടെസ്റ്റും നടക്കും. അടുത്ത രണ്ട് മത്സരങ്ങളില്‍ കോഹ്ലി മടങ്ങി വരുമോയെന്ന് ഉറപ്പില്ലാത്തതിനാല്‍ ടീം പ്രഖ്യാപനവും വൈകുകയാണ്. അടുത്ത രണ്ട് മത്സരങ്ങളില്‍ നിന്ന് കൂടി വിട്ട് നിന്നാല്‍ താരം അവസാന ടെസ്റ്റിനായി മടങ്ങിയെത്താനുള്ള സാദ്ധ്യത കുറവാണ്.

നേരത്തെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് എന്നിവരോട് സംസാരിച്ച ശേഷമാണ് കോഹ്ലി അവധിയെടുത്തത്. ആദ്യ ടെസ്റ്റിന് ശേഷം പരിക്കേറ്റ രവീന്ദ്ര ജഡേജയുടെ മടങ്ങിവരവും വൈകും. ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലാണ് ജഡേജ ഇപ്പോള്‍ ഉള്ളത്. അതേസമയം പരിക്കേറ്റ മറ്റൊരു താരം കെ.എല്‍ രാഹുല്‍ രാജ്‌കോട്ട് ടെസ്റ്റില്‍ മടങ്ങിയെത്തിയേക്കുമെന്നും ഇ.എസ്.പി.എന്‍ ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisement
Advertisement