പി.എസ്.സി പരീക്ഷാത്തട്ടിപ്പ്: ശിക്ഷയിലെ കുറവ് പ്രതികൾക്ക് പ്രേരണ

Thursday 08 February 2024 1:22 AM IST

തിരുവനന്തപുരം; കർശന നിയന്ത്രണത്തിലും അതീവ ജാഗ്രതയിലും പി.എസ്.സി

നടത്തുന്ന മത്സര പരീക്ഷകളിൽ ആൾമാറാട്ടവും കോപ്പിയടിയും സ്ഥിരമാകുമ്പോഴും പിടിക്കപ്പെടുന്നവർ ശിക്ഷിക്കപ്പെടാത്തത് പലർക്കും തെറ്റുകൾ ആവർത്തിക്കാൻ പ്രേരണയാകുന്നു.

പരീക്ഷകളിൽ നിന്നും അയോഗ്യരാക്കപ്പെടുന്നതിനപ്പുറം ക്രിമിനൽ കേസുകൾ പോലും

നേരിടേണ്ടി വരുന്നില്ല. പ്രതികളുടെ സ്വാധീനവും ഉന്നത ബന്ധവും അവർക്ക്

സംരക്ഷണം തീർക്കും.വർഷങ്ങൾക്ക് മുൻപ് കെ.എ.പി നാലാം ബറ്റാലിയൻ കോൺസ്റ്റബിൾ കാസർകോട് റാങ്ക് പട്ടികയിൽ യൂണിവേഴ്സിറ്റി കോളേജിലെ എസ് .എഫ്.ഐ നേതാവ് ശിവരഞ്ജിത്ത് ഒന്നാം റാങ്കും സഹപാഠിയായ പ്രണവ് രണ്ടാം റാങ്കും കൂട്ടുപ്രതിയായ നസിം 28ാം റാങ്കും നേടിയതിലാണ് തട്ടിപ്പ് നടന്നതായി സ്ഥിരീകരിച്ചത്. യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിൽ പ്രതികൾ അകത്തായതോടെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തു വന്നത്.

വി.എസ്.എസ്.സിയുടെ ടെക്നിഷ്യൻ (ഇലക്ട്രീഷ്യൻ ഗ്രേഡ് ബി) പരീക്ഷ മൊബൈൽ ഫോൺ ബ്ലൂടൂത്തുപയോഗിച്ചെഴുതിയ ഹരിയാന ഹസാർ ജില്ലക്കാരായ സുനിൽ (26), സുമിത്ത് (25) എന്നിവരാണ് മാസങ്ങൾക്ക് മുൻപ് പരീക്ഷാ ഹാളിൽ നിന്ന് പിടിയിലായത്.2010ൽ പി.എസ്.സി നടത്തിയ ലാസ്റ്റ് ഗ്രേഡ് പരീക്ഷയിൽ ചവറ ശങ്കരമംഗലം സ്‌കൂളിൽ ആൾമാറാട്ടവും ക്രമക്കേടും നടന്നെന്ന് കാട്ടി പി.എസ്.സിക്ക് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ
ഹാൾ ടിക്കറ്റിൽ ഫോട്ടോ മാറ്റിയൊട്ടിച്ച് നടത്തിയ ആൾമാറാട്ടം സ്ഥിരീകരിച്ചിരുന്നു.ഈ

തട്ടിപ്പിനെക്കുറിച്ച് നടന്ന അന്വേഷണത്തിലാണ് അക്കാലത്ത് പി.എസ്.സി നടത്തിയ എസ്.ഐ പരീക്ഷ, രണ്ട് എൽ.ഡി.സി , എച്ച്.എസ്.എ തുടങ്ങി അര ഡസനോളം പരീക്ഷകളിലെ ക്രമക്കേട് വ്യക്തമായത്.

ആൾമാറാട്ടം, ചോദ്യപ്പേപ്പർ ചോർത്തൽ, റാങ്ക് ലിസ്റ്റ് അട്ടിമറി ഉൾപ്പെടെ മത്സര പരീക്ഷകളിലെ ക്രമക്കേടുകൾ തടയാൻ ഒരു കോടി രൂപ വരെ പിഴയും 10 വർഷം വരെ തടവും ശുപാർശ ചെയ്യുന്ന പൊതുപരീക്ഷാ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചതിന് പിറ്റേന്നാണ് തലസ്ഥാനത്ത് ആൾമാറാട്ടത്തിനെത്തിയ വ്യക്തി ഓടി രക്ഷപ്പെട്ടത്.

Advertisement
Advertisement