സർക്കാർ പറയുന്നത്ര തുക കേന്ദ്രം തരാനില്ല, പച്ചക്കള്ളം; കണക്ക് നിയമസഭയിൽവച്ച് പൊളിച്ചതാണെന്ന് പ്രതിപക്ഷ നേതാവ്

Thursday 08 February 2024 10:15 AM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാർ പറയുന്നത്ര തുക കേന്ദ്ര സർക്കാർ തരാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിസന്ധിയുടെ മുഴുവൻ കാരണവും കേന്ദ്ര സർക്കാരല്ലെന്നും അദ്ദേഹം പറഞ്ഞു.

' 1800 കോടി കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്ന് പറയുന്നത് നുണയാണ്. പച്ചക്കള്ളമാണ്. ഊതിപ്പെരുപ്പിച്ച കണക്കാണ്. ആ കണക്ക് നിയമസഭയിൽവച്ച് ഞങ്ങൾ പൊളിച്ചതാണ്.'- വി ഡി സതീശൻ പറഞ്ഞു.

പിണറായിക്കെതിരെ വരുന്ന കേന്ദ്ര അന്വേഷണങ്ങളെ ഒത്തുതീർപ്പാക്കുന്നത് കേന്ദ്രമന്ത്രി വി മുരളീധരൻ ആണെന്നും അദ്ദേഹം പറഞ്ഞു. 'വി മുരളീധരൻ മുഖ്യമന്ത്രിയുമായി രാത്രി സംസാരിക്കുന്നു. കേന്ദ്രത്തിലെ സംഘപരിവാർ നേതൃത്വവും കേരളത്തിലെ സി പി എം നേതൃത്വവും തമ്മിലുള്ള ഒത്തുതീർപ്പിന്റെ ഇടനിലക്കാരനാണ്.പകരം മുരളീധരന്റെ വലംകൈയായ സുരേന്ദ്രനെ കേസിൽ നിന്ന് രക്ഷപ്പെടുത്തി.'- അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ മാസപ്പടി വിവാദത്തെപ്പറ്റിയുള്ള സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ (എസ്.എഫ്.ഐ.ഒ) ടീമിന്റെ പരിശോധന പ്രതിപക്ഷം നിരീക്ഷിച്ചുവരികയാണെന്നും വി ഡി സതീശൻ വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരെയും അന്വേഷണം വേണം. അന്വേഷിക്കാൻ എന്തിനാണ് എട്ടുമാസമെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, കേന്ദ്ര അവഗണനയ്‌ക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന എൽ ഡി എഫ് പ്രതിഷേധം ഉടൻ തുടങ്ങും. സീതാറാം യെച്ചൂരി അടക്കമുള്ള നേതാക്കൾ പങ്കെടുക്കും. കേരള ഹൗസിൽ നിന്നാണ് മാർച്ച് തുടങ്ങുന്നത്.