ഗുരുവായൂർ ആനക്കോട്ടയിൽ ആനകൾക്ക് ക്രൂരമർദനം; വീഡിയോ പുറത്തുവന്നതിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവ്
തൃശൂർ: ഗുരുവായൂർ ആനക്കോട്ടയിലെ ആനകളെ പാപ്പാന്മാർ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ പുറത്ത്. ശീവേലിപ്പറമ്പിൽ കുളിക്കുന്നതിനായി കൊണ്ടുവന്ന കൃഷ്ണ, കേശവൻ കുട്ടി എന്നീ ആനകളെ അടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കുളിപ്പിക്കുന്നതിനിടെ പാപ്പാന്മാർ ക്രൂരമായി ആനകളെ മർദ്ദിക്കുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത നടയ്ക്കിരുത്തിയ ആനയാണ് കൃഷ്ണ. കുളിക്കാൻ കിടക്കാൻ കൂട്ടാക്കാത്തതിനായിരുന്നു പാപ്പാന്റെ ക്രൂര മർദ്ദനം. കേശവൻ കുട്ടിയെന്ന ആനയെ തല്ലി എഴുന്നേൽപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മൂന്ന് സംഭവങ്ങളാണ് വീഡിയോയിൽ ഉള്ളത്.
ആനകളെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ആനക്കോട്ടയ്‌ക്കെതിരെ വലിയ രീതിയിൽ വിമർശനം ഉയരുന്നുണ്ട്. തുടർന്ന് ഗുരുവായൂർ ദേവസ്വം അന്വേഷണത്തിന് നിർദേശം നൽകി. സംഭവത്തിൽ ആനക്കോട്ടയിലെത്തി ഡോക്ടർമാർ ആനകളെ പരിശോധിച്ച് റിപ്പോർട്ട് നൽകി. റിപ്പോർട്ട് പരിശോധിച്ച ശേഷം ഗുരുവായൂർ ദേവസ്വം തുടർ നടപടികൾ സ്വീകരിക്കും. എന്നാൽ ഇത് ഒരു മാസം മുൻപത്തെ ദൃശ്യങ്ങളാണെന്നാണ് ആനക്കോട്ടയിലുള്ള അധികൃതരുടെ വിശദീകരണം.