കേരളത്തിൽ നിന്ന് അയോദ്ധ്യയിലേക്ക് നേരിട്ടെത്താം, ആദ്യ ട്രെയിൻ നാളെ , പുറപ്പെടുന്നത് കൊച്ചുവേളിയിൽ നിന്ന് , വിശദാംശങ്ങൾ അറിയാം

Thursday 08 February 2024 7:58 PM IST

തിരുവനന്തപുരം: കേരളത്തിൽ നിന്ന് അയോദ്ധ്യയിലേക്കുള്ള ആദ്യ ട്രെയിൻ നാളെ പുറപ്പെടും. തിരുവനന്തപുരം കൊച്ചുവേളി സ്റ്റേഷനിൽ രാവിലെ ട്രെയിനിന്റെ ഫ്ലാഗ് ഓഫ് നടക്കും. ബി.ജെ.പിയുടെ നേതൃത്വത്തിലാണ് അയോദ്ധ്യയാത്ര സംഘടിപ്പിക്കുന്നത്.

ടിക്കറ്റിനുള്ള പണം യാത്രക്കാ‍ർ നൽകണം. ഭക്ഷണം,​ താമസം,​ ദർശനം,​ എന്നിവയ്ക്കുള്ള സൗകര്യങ്ങൾ പാർട്ടി ഒരുക്കും.

കേരളത്തിൽ നിന്ന് ആസ്താ സ്പെഷ്യൽ ട്രെയിനുകൾ അയോദ്ധ്യയിലേക്ക് സർവീസ് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിൽ ആദ്യത്തെ ട്രെയിനാണ് നാളെ കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്നത്. 3300 രൂപയാണ് കൊച്ചുവേളിയിൽ നിന്ന് അയോദ്ധ്യയിലേക്കുള്ള ടിക്കറ്റ് നിരക്ക്. നാഗർകോവിൽ,​ തിരുവനന്തപുരം,​ പാലക്കാട് എന്നിവിടങ്ങളിൽ നിന്ന് പ്രത്യേക ട്രെയിൻ സർവീസ് നടത്തിമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതിൽ ആദ്യ സർവീസ് ജനുവരി 30ന് ആരംഭിക്കുമെന്നായിരുന്നു അറിയിച്ചത്. എന്നാൽ പിന്നീട് റദ്ദാക്കി.

മാർച്ച് 25 വരെ ദിവസവും അരലക്ഷം പേരെ അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെത്തിക്കാൻ ലക്ഷ്യമിട്ടാണ് പ്രത്യേക യാത്ര സംഘടിപ്പിക്കുന്നത്. കേരളത്തിൽ നിന്നടക്കം ഒരു നിയോജക മണ്ഡലത്തിൽ നിന്ന് ആയിരം പേരെയാണ് പങ്കെടുപ്പിക്കും. ഉത്തർപ്രദേശിലെത്തുന്നവർക്ക് അവിടുത്തെ ബി.ജെ.പി പ്രവർത്തകർ ഭക്ഷണ,​ താമസ സൗകര്യമൊരുക്കും.