ഊരാളുങ്കൽ ജന്മശതാബ്ദിക്കൊരുങ്ങി നാടും നഗരവും രാജ്യാന്തര സമ്മേളനമടക്കം ഒരു വർഷത്തെ പരിപാടികൾ

Friday 09 February 2024 12:13 AM IST
ulcc

കോഴിക്കോട്: ഗുരു വാഗ്ഭടാനന്ദൻ വിത്തുപാകിയ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ജന്മ ശതാബ്ദി ആഘോഷത്തിന് നാടും നഗരവും ഒരുങ്ങി. ഒരുവർഷം നീളുന്ന ശതാബ്ദിയാഘോഷത്തിൽ അന്താരാഷ്ട്ര സഹകരണ ഉച്ചകോടിയും സുസ്ഥിരനിർമ്മാണങ്ങളെപ്പറ്റിയുള്ള അന്താരാഷ്ട്ര ഗവേഷണസെമിനാറും പൊതുനിർമ്മാണങ്ങളുടെ സോഷ്യൽ ഓഡിറ്റും ഉൾപ്പെടെ വൈവിദ്ധ്യമാർന്ന നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നതെന്ന് ചെയർമാൻ പാലേരി രമേശൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം 13ന് വൈകിട്ട് 3. 30നു വടകര മടപ്പള്ളി ജി.വി.എച്ഛ്.എസ് .സ്‌കൂൾ ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിക്കുക.
കോ-ഓപ്പറേറ്റീവ് ഫെസ്റ്റിവൽ, സഹകരണപ്രദർശനം, ചരിത്രപ്രദർശനം, പുസ്തകോത്സവം തുടങ്ങിയ പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി നടക്കും. ഇവ സൊസൈറ്റിയുടെ ചരിത്രം, ആഗോളതലത്തിലെ മറ്റു സഹകരണമാതൃകകൾ, നിമ്മാണം, ആർക്കിടെക്ചർ, ടൂറിസം മേഖലകളിലെ മുന്നേറ്റങ്ങൾ, സഹകരണമേഖലയെപ്പറ്റിയുള്ള ചർച്ചകൾ, കലാസാംസ്‌ക്കാരികപരിപാടികൾ തുടങ്ങിയവയെല്ലാം ചേർന്ന് വിപുലമായിരിക്കും.

നൂറു വർഷത്തെ അടയാളപ്പെടുത്തുന്ന ഒരു സിവിൽ മാർവെൽ എൻജിനീയർമാരുടെ സഹായത്തോടെ പടുത്തുയർത്തും. സഹകരണമേഖല, നിർമ്മാണരംഗം, വാഗ്ഭടാനദദർശനങ്ങൾ, പുതിയ നിർമ്മാണസാമഗ്രികൾ, പരമ്പരാഗത കലാകരകൗശലരംഗം തുടങ്ങിയ വിഷയങ്ങളിൽ ഗവേഷണഫെലോഷിപ്പുകൾ ഏർപ്പെടുത്തും. ഇന്ത്യയിലെയും ലോകത്തെയും സർവകലാശാലകളിൽ വാഗ്ഭടാനന്ദദർശനം പരിചയപ്പെടുത്തുന്ന സെമിനാറുകൾ നടത്തും. വാഗ്ഭടാനന്ദ ഗവേഷണകേന്ദ്രം, സർവകലാശാലകളിൽ വാഗ്ഭടാനന്ദ ചെയർ തുടങ്ങിയവയും ആലോചനയിലുണ്ട്.

തൊഴിലാളികളുടെ നൈപുണ്യത്തിലും ഉയർന്ന വേതനത്തിലും ആനുകൂല്യങ്ങളിലും ക്ഷേമത്തിലും മുഖ്യ ഊന്നൽ നൽകി പ്രവർത്തിക്കുന്ന സൊസൈറ്റി തൊഴിലാളികൾക്കുള്ള പാർപ്പിടനിർമ്മാണം, തുടർപഠനം, മക്കൾക്ക് രാജ്യത്തെ ഉന്നതവിദ്യാലയങ്ങളിൽ പ്രധാനകോഴ്‌സുകൾക്ക് സ്‌കോളർഷിപ്, ആരോഗ്യസർവേ, ജീവിതശൈലീരോഗപ്രതിരോധം, സൊസൈറ്റിക്ക് സ്വന്തം കായികടീമുകൾ, കായികപരിശീലനം, കലാപരിശീലനം തുടങ്ങിയ പുതിയ പുതിയ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. യുഎൽ ടെക്‌നിക്കൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ് തുടങ്ങാനും തീരുമാനമുണ്ട്. കൂടാതെ തൊഴിലാളികളുടെ കുടുംബസംഗമം, കലാമേള തുടങ്ങിയവും ആഘോഷത്തിന്റെ ഭാഗമാണ്.

കൃഷി, ടൂറിസം രംഗങ്ങൾ ബന്ധപ്പെടുത്തി ഒരു മാതൃകാ കൃഷിയിടമോ മാതൃകാഗ്രാമമോ വികസിപ്പിക്കൽ, യുവാക്കൾക്ക് തൊഴിൽ നൽകാൻ ലോകനിലവാരത്തിൽ നൈപുണ്യം നല്കി വിവിധമേഖലകളിൽ ലേബർ ബാങ്കുകൾക്കു രൂപം നൽകൽ, പൊതുജനങ്ങൾക്കായി സോളാർ പദ്ധതി ഉൾപ്പെടെ വിവിധ സേവന, ശാക്തീകരണ, വികസനപദ്ധതികൾ എന്നിങ്ങനെ വേറെയും പരിപാടികൾ വിഭാവനം ചെയ്തിട്ടുണ്ട്. ഇവയ്ക്കും വൈകാതെ അന്തിമരൂപം നൽകും. 2025 ഫെബ്രുവരി 13നു വിപുലമായ പരിപാടികളോടെ ആഘോഷങ്ങൾക്കു പരിസമാപ്തിയാകും.

ഉദ്ഘാടനസമ്മേളനത്തിനുശേഷം അതേ വേദിയിലും മടപ്പള്ളി കോളേജ് ഗ്രൗണ്ടിലും കലാസന്ധ്യയും സംഘടിപ്പിച്ചിട്ടുണ്ട്. ചലച്ചിത്രതാരം റിമ കല്ലിങ്കൽ നയിക്കുന്ന മാമാങ്കം ഡാൻസ് സ്റ്റുഡിയോയുടെ 'നെയ്ത്ത്' എന്ന നൃത്തവിസ്മയത്തോടെ വൈകിട്ട് 6ന് കലാസന്ധ്യയ്ക്കു തുടക്കമാകും. തുടർന്ന് അതേ വേദിയിൽ ഏഴുമണിക്കു നടക്കുന്ന 'മെലഡി നൈറ്റ്' സംഗീതനിശയിൽ ജി. വേണുഗോപാൽ, അഫ്‌സർ, മഞ്ജരി, സയനോര, നിഷാദ്, രേഷ്മ രാഘവേന്ദ്ര, ശ്രീദേവി കൃഷ്ണ, അരവിന്ദ് വേണുഗോപാൽ എന്നിവർ പങ്കെടുക്കും. മടപ്പള്ളി കോളേജ് ഗ്രൗണ്ടിലെ വേദിയിൽ രാത്രി 8 മുതൽ ശിവമണി, സ്റ്റീഫൻ ദേവസി, ആട്ടം കലാസമിതി എന്നിവർ ചേർന്ന് മ്യൂസിക് ഫ്യൂഷൻ ഒരുക്കും.

Advertisement
Advertisement